പൊട്ടിക്കരഞ്ഞ് പ്രിയങ്ക അന്നേ മാപ്പ് നൽകി; ഇപ്പോഴിതാ നീതിപീഠവും: അക്കഥ

ശിക്ഷയിൽ ഇളവ് നൽകി വിട്ടയക്കണമെന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ അപേക്ഷ പരിഗണിക്കാൻ തമിഴ്നാട് സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ എ.ജി.പേരറിവാളന്റെ ദയാഹർജിയാണ് പരിഗണിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ മോചിപ്പിക്കുന്നതിനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നല്‍കിയ ഹർജി സുപ്രീംകോടതി തീർപ്പാക്കുകയായിരുന്നു. 

എന്നാൽ തന്റെ അച്ഛന്റെ ഘാതകർക്ക് പ്രിയങ്ക ഗാന്ധി നേരത്തെ തന്നെ മാപ്പ് നൽകിയിരുന്നു. ഇതിന് തെളിവായിരുന്നു 2008–ലെ പ്രിയങ്കയുടെ വെല്ലൂർ ജയിൽ സന്ദർശനം. വെല്ലൂരിൽ കഴിയുന്ന പ്രതികളുമായി അന്ന് പ്രിയങ്ക അതീവരഹസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വധക്കേസിലെ പ്രതിയായ നളിനി ശ്രീഹരന്റെ ആത്മകഥയിൽ 2008 മാർച്ച് 18–ന് പ്രിയങ്കാ ഗാന്ധി ജയിലിൽ വന്ന് കണ്ടതിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. ആരാണ് തന്റെ പിതാവിന്റെ വധത്തിന് പിന്നിൽ എന്നായിരുന്നു പ്രിയങ്കയ്ക്ക് അറിയേണ്ടിയിരുന്നത്. 

90 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയെ കുറിച്ചും നളിനി തന്റെ ആത്മഥയില്‍ പറയുന്നുണ്ട്.  തനിക്കോ തന്റെ ഭര്‍ത്താവിനോ കൊലപാതക പദ്ധതിയെ കുറിച്ച് അറിയില്ലായിരുന്നുവെന്നും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ തടവുകാരിയായതെന്നും പ്രിയങ്കയോട് പറഞ്ഞതായി നളിനി വ്യക്തമാക്കുന്നു, നല്ല മനുഷ്യനായിരുന്ന തന്റെ പിതാവിനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് പ്രിയങ്ക കൂടിക്കാഴ്ചക്കിടെ നിരവധി തവണ ചോദിച്ചിരുന്നുവെന്നും പൊട്ടിക്കരഞ്ഞുവെന്നും നളിനി പറയുന്നുണ്ട്. 

കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വി.ശ്രീഹരൻ (മുരുകൻ), എ.ജി.പേരറിവാളൻ, ടി.സുദേന്ദ്രരാജ (ശാന്തൻ), ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ, നളിനി എന്നിവരെ വിട്ടയയ്ക്കണമെന്ന് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടത് 2014 ഫെബ്രുവരി 19നാണ്. 20 വർഷത്തിലേറെ ശിക്ഷ അനുഭവിച്ച ഇവരെ വിട്ടയയ്ക്കാൻ അനുവദിക്കണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. തമിഴ്നാട് സർക്കാരിന്റെ അപേക്ഷയ്ക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ധനു എന്ന വനിതാചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. കേസില്‍ പേരറിവാളൻ ഉൾപ്പെടെ ഏഴുപേരാണ് പ്രതികളായുള്ളത്. 4 വർഷത്തെ ശിക്ഷയ്ക്കു ശേഷം 2015 ഡിസംബർ 30നാണ് പേരറിവാളൻ ഗവർ‌ണര്‍ക്ക് ദയാഹർജി സമർപ്പിച്ചത്.