കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ പുഴു, ജീരകമെന്ന് അധ്യാപിക

പശ്ചിമബംഗാളിലെ മുർഷിദാബാദിലെ സ്കൂളിൽ കുട്ടികൾക്കു നൽകിയ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ. രക്ഷിതാക്കൾ പരാതിപ്പെട്ടപ്പോൾ പുഴുക്കൾ ജീരകമെന്ന ന്യായീകരണവുമായി അധ്യാപിക. മുർഷിദാബാദ് ജില്ലയിലെ ഹാസിംപൂർ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. കുട്ടികൾക്ക് ചോറിനമൊപ്പം വിളമ്പിയ കിച്ചടിയിലാണ് പുഴുക്കളെ കണ്ടത്. 

സംഭവത്തിൽ പ്രകോപിതരായ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ച്  വിശദീകരണം ആവശ്യപ്പെട്ടു. 'കറിയിൽ പുഴുക്കളെ കണ്ട ഞങ്ങൾ ഉടൻ തന്നെ അധ്യാപികയെ അത് കാണിച്ചു. എന്നാൽ അത് ജീരകമാണെന്നാണ് അധ്യാപിക പറഞ്ഞതെന്നാണ്'. ഇങ്ങനെയാണ് നാലാം ക്ലാസ് വിദ്യാർത്ഥിയായ രോഹിത് സിൻഹ പറയുന്നത്. ഇതാണ് സു്കൂളിൽ നിന്നും നൽകുന്ന ഭക്ഷണത്തിന്റെ സ്ഥിതിയെങ്കിൽ തങ്ങള്‍ എങ്ങനെയാണ് കുട്ടികളെ സുരക്ഷിതരായി സ്കൂളിൽ അയക്കുക എന്നാണ് രക്ഷിതാവായ സപ്ന ചോ‍ദിക്കുന്നത്. 

സംഭവത്തിൽ‍ എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് രക്ഷിതാക്കളും നാട്ടുകാരും ഭീഷണി മുഴക്കിയിട്ടുണ്ട്. പരാതിപ്പെട്ടിട്ടും സ്കൂളിന്റെ ഭാഗത്ത് നിന്ന് പരിഹാരം കണ്ടെത്താൻ ശ്രമം ഉണ്ടായിട്ടില്ല. സ്കൂൾ പ്രിൻസിപ്പൽ മൗനം പാലിക്കുകയാണ് എന്നാണ് സപ്ന വ്യക്തമാക്കുന്നത്. അതേസമയം സ്കൂൾ അധികൃതർ പുഴുക്കളെയാണ് കണ്ടെത്തിയതെന്ന കാര്യം പരസ്യമായി നിരസിച്ചിട്ടില്ല. ഇത് സ്കൂളിലെ ആദ്യ സംഭവമാണെന്നുമാണ് അവരുടെ വിശദീകരണം.