ഭർത്താവിന്റെ ആദ്യവിവാഹം അറിഞ്ഞു; എയർഹോസ്റ്റസിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ

ഡല്‍ഹിയിലെ എയർഹോസ്റ്റസ് അനീസ്യ ബത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായകവിവരങ്ങൾ പുറത്ത്. ആത്മഹത്യക്ക് ഒരുമാസം മുൻപാണ് ഭർത്താവ് മായങ്ക് സിങ്‌വിയുടെ ആദ്യവിവാഹത്തെക്കുറിച്ച് അനീസ്യ അറിയുന്നത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ കലഹമുണ്ടായതായി പൊലീസ് പറയുന്നു.

പൊലീസ് പറയുന്നതിങ്ങനെ; ''മായങ്കിന്റെ ആദ്യവിവാഹത്തെക്കുറിച്ച് അനീസ്യക്ക് അറിയില്ലായിരുന്നു. ഭർത്താവ് വിവാഹമോചിതനാണെന്നറിഞ്ഞപ്പോൾ അനീസ്യ ആകെ തകർന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്‌തർക്കമുണ്ടായി.''

ലുഫ്താൻസ എയർലൈൻസിൽ എയർഹോസ്റ്റസായിരുന്നു അനീസ്യ(39), ജൂലൈ 13നാണ് ന്യൂ ഡൽഹിയിലെ പഞ്ചശീൽ പാർക്കിലെ താമസസ്ഥലത്തിനുമുകളിൽ നിന്നുചാടി  ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുംമുൻപ് മരിക്കാൻ പോകുകയാണെന്ന് മായങ്കിന് മെസേജ് അയച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ മായങ്ക് ഭാര്യയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന് അനീസ്യയുടെ വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. ഭർത്താവിനും കുടുംബത്തിനുമെതിരെ അനീസ്യയുടെ പിതാവ് റിട്ട. മേജർ ജനറൽ ആർ എസ് ബത്ര ഏതാനും ദിവസങ്ങൾക്കുമുൻപ് പരാതി നൽകിയിരുന്നു. 

മായങ്കിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.