വിദേശനിക്ഷേപകരുടെ സുരക്ഷിത നിക്ഷേപകേന്ദ്രമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി

വിദേശനിക്ഷേപകരുടെ സുരക്ഷിത നിക്ഷേപകേന്ദ്രമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദമോദി. സമസ്തമേഖലകളിലും പുരോഗതി കൈവരിക്കുകയാണ് രാജ്യം. ഈ സാഹചര്യത്തില്‍, രാജ്യത്ത് കൂടുതല്‍ ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് തയ്യാറാകണമെന്ന് മോദി ആവശ്യപ്പെട്ടു.  

ഉയരുന്ന എണ്ണവിലയിലും നാണ്യപ്പെരുപ്പം അഞ്ചുശതമാനത്തിനുതാഴെ പിടിച്ചുനിര്‍ത്താനായത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് തെളിയിക്കുന്നതായി മോദി പറഞ്ഞു. 7.7 ശതമാനം ആഭ്യന്തരോല്‍പാദനവും തള്ളിക്കളയാവുന്നതല്ല. ബീജിങ് ആസ്ഥാനമായ ഏഷ്യന്‍ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് നിലവില്‍ ആയിരം കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇന്ത്യയിലെ വിവിധ പദ്ധതികള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. രണ്ടായിരത്തി ഇരുപതോടെ ഇത് നാലായിരം കോടി ഡോളറിന്റേതാക്കണമെന്ന് മോദി ആവശ്യപ്പെട്ടു. 2025 ആകുമ്പേഴേക്ക് ഇത് പതിനായിരം കോടിയാക്കണം

കാർഷിക മേഖലയുമായി ബന്ധപ്പെട്ട് സംഭരണരംഗത്ത് നിക്ഷേപം വർദ്ധിപ്പിക്കും. അടിസ്ഥാനസൗകര്യ മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കുന്ന പദ്ധതികളുടെ എണ്ണംകൂട്ടുമെന്നും മോദി പറഞ്ഞു. മുംബൈയിൽ ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ വാർഷികസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  140 കോടി ഡോളറിന്റെ അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്ക് എഐഐബി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 240 കോടി ഡോളറിന്റെ മറ്റുപദ്ധതികളും ബാങ്കിന്റെ പരിഗണനയിലാണ്. ബാങ്കില്‍ നിന്ന് ധനസഹായം സ്വീകരിച്ചിട്ടുള്ള 86 രാജ്യങ്ങളുടെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.  ഏഷ്യന്‍ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2016ലാണ് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് രൂപീകരിച്ചത്. എട്ടുശതമാനം പങ്കാളിത്തമുള്ള ഇന്ത്യയാണ് ബാങ്കിന്റെ ഓഹരിപങ്കാളിത്തത്തില്‍ രണ്ടാമത്.