മോദി അവിവാഹിതനെന്ന വാക്ക് ഹൃദയഭേദകം; അദ്ദേഹമെനിക്ക് രാമനെപ്പോലെ: യശോദ ബെന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി അവിവാഹിതനെന്ന മധ്യപ്രദേശ് ഗവർണറും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ ആനന്ദിബെൻ പട്ടേലിന്റെ പ്രസ്താവനയില്‍ പാര്‍ട്ടിയിലും ചര്‍ച്ചകള്‍ ചൂടാകുന്നു. പ്രസ്താവന തള്ളി യശോദബെൻ രംഗത്തെത്തിയതാണ് തുടര്‍ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്നും ആനന്ദിബെന്നിനെ പോലെ അഭ്യസ്തവിദ്യയായ ഒരു സ്ത്രീയുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുളള പ്രസ്താവന ഉണ്ടായത് തന്നെ ഞെട്ടിച്ചുവെന്നുമായിരുന്നു യശോദ ബെന്നിന്‍റെ പ്രതികരണം. പ്രതികരിച്ചു. 

നരേന്ദ്രഭായി വിവാഹിതനെന്ന് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള രേഖകള്‍ തയ്യാറാക്കുമ്പോള്‍ അദ്ദേഹം തന്നെ പരസ്യമായി പ്രഖ്യാപിച്ചിട്ടുളളതാണെന്നും യശോദ ബെൻ പറഞ്ഞു. തന്റെ പേരും അദ്ദേഹം രേഖകളില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും യശോദ ബെൻ പറഞ്ഞു. എഴുതിത്തയ്യാറാക്കിയ കുറിപ്പ് യശോദ ബെൻ വായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹോദരന്റെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

'അവരെപ്പോലെ അഭ്യസ്തവിദ്യയായ ഒരു സ്ത്രീ ഒരിക്കലും എന്നെപ്പോലൊരു അധ്യാപികയെക്കുറിച്ച് ഇങ്ങനെ സംസാരിക്കാന്‍ പാടില്ലായിരുന്നു. ആ വാക്കുകള്‍ ഹൃദയഭാദകമാണ്. അവരുടെ പ്രസ്താവന മോദിയെ താഴ്ത്തിക്കെട്ടുന്നതും രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ തകർക്കുന്നതുമാണ്. എനിക്ക് അദ്ദേഹം ആരാധ്യനാണ്, ശ്രീരാമന്‍ തന്നെയാണ്.’ യശോദബെന്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഹര്‍ദ ജില്ലയിലെ തിമാരിയില്‍ നടന്ന പൊതുപരിപാടിയിലാണ് മോദി അവിവാഹിതനാണെന്ന് ആനന്ദിബെന്‍ പറഞ്ഞത്. 'നരേന്ദ്രഭായി വിവാഹം ചെയ്തിട്ടില്ല. എന്നിട്ടും സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു'. അംഗന്‍വാടികളുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ ആനന്ദിബെന്‍ പറഞ്ഞു. പ്രസംഗത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് വിശദീകരണവുമായി യശോദ ബെൻ രംഗത്ത് എത്തിയത്.