മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്പാദനം തമിഴ്നാട് പുനരാരംഭിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട് ലോവർ ക്യാമ്പിൽ  വൈദ്യുതി ഉല്പാദനം ആറ് മാസത്തിന് ശേഷം പുനരാരംഭിച്ചു. 126 മെഗാ വാട്ട് വൈദ്യുതിയാണ് ഒരുദിവസം ഉല്പാദിപ്പിക്കുന്നത്. അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 1400 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

ഫെബ്രുവരി മാസം  അഞ്ചിനാണ് തമിഴ്നാട്, ലോവർ ക്യാമ്പിലെ വൈദ്യുതി ഉല്പാദനം നിർത്തിയത്. അണക്കെട്ടിൽ നിന്ന് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് കാരണം. സെക്കൻഡിൽ ശരാശരി 260 ഘനയടി വെള്ളം കൊണ്ടുപോയെങ്കിൽ മാത്രമെ വൈദ്യുതി ഉല്പാദനം നടക്കു. ആറു മാസത്തിന് ശേഷമാണ് വൈദ്യുതി ഉല്പാദനത്തിന് ഇപ്പോൾ തുടങ്ങിയത്. തമിഴ്നാട് ലോവർ ക്യാമ്പ് പവർ സ്റ്റേഷനിലെ നാല് ജനറേറ്ററുകളിൽ മുന്നെണ്ണത്തിന്റെ പ്രവർത്തനവും ആരംഭിച്ചു. 

1956 മുതലാണ് അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട് ലോവർ ക്യാമ്പിൽ വൈദ്യുതി ഉല്പാദനം ആരംഭിച്ചത്. മുപ്പത്തിയാർ മെഗാവട്ടിന്റെ 4 ജനറേറ്ററുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വർഷം അവസാനത്തോടെ ഓരോ ജനറേറ്ററിനും 2 കോടി രൂപ വീതം മുടക്കി കപ്പാസിറ്റി 42 മെഗാവാട്ട് ആക്കി ഉയര്‍ത്തിയതോടെ ഇരുപത്തിനാല് മണിക്കൂറിൽ 168 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാം. 4 പെൻ സ്റ്റോക്കുകൾ വഴിയാണ് വെള്ളം കൊണ്ടുന്നത്.  450 ഘനയടി വീതം മൂന്ന് പെൻ സ്റ്റോക്ക് പൈപ്പുകളിലൂടെ വെള്ളം കൊണ്ടുപോയി തുടങ്ങി.  അണക്കെട്ടിലെ  ജലനിരപ്പ് 127.5 അടിയാണ്.