തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി ദിനകരന്‍ പക്ഷം

തമിഴ്നാട്ടില്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ് നീണ്ടുപോകുന്നതിനാൽ പുതിയ രാഷ്ട്രീയ നീക്കവുമായി  ദിനകരന്‍ പക്ഷം. കേസ് വിശാലബെഞ്ച് പരിഗണിക്കാനിരിക്കെ, ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി  പിന്‍വലിക്കുമെന്ന് അയോഗ്യരാക്കിയ എം.എൽ.എമാരിൽ ഒരാളായ തങ്കത്തമിഴ്സെല്‍വന്‍ പ്രഖ്യാപിച്ചു. എം.എൽ.എ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ലക്ഷ്യം. ഭരണ പക്ഷത്തേക്ക് കൂറുമാറിയേക്കുമെന്നതടക്കമുള്ള അഭ്യൂഹങ്ങൾ ദിനകരന്റെ വിശ്വസ്തനായ തങ്കത്തമിഴ്സെൽവൻ   തള്ളി.

എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ് നീണ്ടുപോകുന്നതിനാൽ, ദിനകരൻ പക്ഷത്തെ സംബന്ധിച്ച്  രാഷ്ട്രീയ സമ്മർദങ്ങൾ ചെലുത്താനുള്ള സാഹചര്യങ്ങൾ നിലവിലില്ല. കേസ് വിശാല ബെഞ്ചിന് വിട്ടതോടെയാണ് ഹർജി പിൻവലിക്കുകയാണെന്ന്  തങ്കത്തമിഴ് സെല്‍വൻ വ്യക്തമാക്കിയത്. എംഎല്‍എ സ്ഥാനം രാജിവെയ്ക്കും. ഉപതിരഞ്ഞെടുപ്പില്‍ ദിനകരന്റെ നേതൃത്വത്തിൽ,അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് അന്തിമ തീരുമാനം കൈകൊള്ളുമെന്നും തങ്കത്തമിഴ് സെല്‍വന്‍ തേനിയില്‍ പറഞ്ഞു. 

അതേ സമയം പാർട്ടി വിട്ടു പോയ എം.എൽ.എമാർ തിരിച്ചുവന്നാൽ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വ്യക്തമാക്കി.