ഇന്ധനവില ലീറ്ററിന് 25 രൂപ വരെ കുറക്കാം; പക്ഷേ ചെയ്യില്ല; ഫോര്‍മുല പറഞ്ഞ് പി.ചിദംബരം

ഇന്ധനവിലവർധനവിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും മുൻ ധനകാര്യമന്ത്രിയുമായ പി.ചിദംബരം. ഇന്ധനവില ലിറ്ററിന് 25 രൂപ വരെ കുറക്കാവുന്ന സാഹചര്യമുണ്ട്. സർക്കാർ അതിന് തയ്യാറാകാതെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ചിദംബരം പറഞ്ഞു. 

‘ലീറ്ററിന് 25 രൂപവരെ കുറക്കാൻ സാധിക്കും. പക്ഷേ സർക്കാര്‍ അത് ചെയ്യില്ല. ലീറ്ററിന് ഒന്നോ രണ്ടോ രൂപ കുറച്ച് അവർ ജനങ്ങളെ വഞ്ചിക്കുകയാണ്..’ചിദംബരം ട്വിറ്ററിൽ കുറിച്ചു.

‘കേന്ദ്രസർക്കാരിന് ഐശ്വര്യത്തിന്റെ കാലമാണ്. ഒരു ലിറ്റർ വിലയിലെ 25 രൂപയോളം സർക്കാരിനുള്ളതാണ്. ഇത് ഉപയോക്താവിന് അവകാശപ്പെട്ട പണമാണ്’, ചിദംബരം പറയുന്നു. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് മൂലം ലിറ്ററിന് 15 രൂപയോളം സർക്കാരിന് ലാഭമുണ്ട്. ഇതിന് പുറമെ അധികനികുതി വഴി ലഭിക്കുന്ന 10 രൂപയും സർക്കാരിനുള്ളത് തന്നെയെന്നും ചിദംബരം പറയുന്നു. 

തുടർച്ചയായ പത്താം ദിവസവും ഇന്ധനവിലയിൽ വർധനവുണ്ടായതോടെ ജനരോഷം ശക്തമായിരുന്നു. ഒമ്പത് ദിവസങ്ങൾക്കിടെ വിലയിൽ 2 രൂപയുടെ വർധനവുണ്ടായി. വില കുറക്കുന്നതുസംബന്ധിച്ച് ചർച്ച ചെയ്യാൻ കേന്ദ്രപെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എണ്ണക്കമ്പനികളുമായി ചർച്ച നടത്താനിരിക്കെയാണ്. ഈ സാഹചര്യത്തിലാണ് പി.ചിദംബരത്തിന്റെ പരാമർശം. 

അന്താരാഷ്ട്രതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർ‍ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വിലവർധനവിന്റെ കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. ചില്ലറവിൽപ്പനവില കുറക്കാൻ കഴിയില്ലെന്നും നികുതി കുറക്കലാണ് ഉചിതമെന്നുമുള്ള നിലപാടിലാണവർ. 

കർണാടക തിരഞ്ഞെടുപ്പ് സമയത്ത് വ്യതിയാനം ഉണ്ടാവാതിരുന്ന പെട്രോൾ, ഡീസൽ വിലയിൽ ഫലം പുറത്തുവന്നശേഷമാണ് തുടർച്ചയായ വർധനവുണ്ടായത്.