2019ല്‍ മോദിയെ വീഴ്ത്തണം; കോൺഗ്രസിന്‍റെ കയ്യില്‍ പക്ഷേ പണമില്ല; പ്രതിസന്ധി രൂക്ഷം

കർണാടക കഴിഞ്ഞതോടെ 2019ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. അധികാരം നിലനിർത്താൻ ബിജെപിയും പിടിച്ചെടുക്കാൻ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ നരേന്ദ്രമോദി സർക്കാരിൽ നിന്ന് ഭരണം പിടിക്കാനുള്ള സാമ്പത്തിക ശേഷി‌ നിലവിൽ കോൺഗ്രസിനില്ലെന്നാണ് റിപ്പോർട്ട്. പാർട്ടി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി റിപ്പോർട്ട് പറയുന്നു. 

കഴിഞ്ഞ അഞ്ച് മാസമായി വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകളുടെ പ്രവർത്തനങ്ങള്‍ക്കും മറ്റുമുള്ള തുക കൊടുക്കുന്നത് ദേശീയ നേതൃത്വം നിർത്തിവെച്ചിരിക്കുകയാണ്. ‌പ്രതിസന്ധിയെ മറികടക്കാൻ പ്രവർത്തകരോട് സംഭാവനകൾ നൽകാനും ചെലവുകൾ കുറക്കാനും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. 

‘ഞങ്ങളുടെ കയ്യിൽ പണമില്ല..’,പാർട്ടിയുടെ സോഷ്യൽ മീഡിയയുടെ ചുമതലയുള്ള ദിവ്യ സ്പന്ദന പറയുന്നു. ബിജെപിയുടേത് പോലെ ഇലക്ട്രൽ ബോണ്ട് വഴി കോൺഗ്രസിന് ഫണ്ട് ലഭിക്കുന്നില്ല(രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്നതിന് രൂപീകരിച്ച  സംവിധാനമാണ് ഇലക്ട്രൽ ബോണ്ട്). അതുകൊണ്ടു തന്നെ പ്രവർത്തകരിൽ നിന്ന് നേരിട്ടും സോഷ്യൽ മീഡിയ വഴിയും പണം കണ്ടെത്താൻ കോൺഗ്രസ് നിർബന്ധിതരാകുന്നുവെന്നും ദിവ്യ പറയുന്നു.

ഫണ്ടില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനുള്ള ഫ്ലൈറ്റ് ടിക്കറ്റ് ലഭിക്കാതെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് മണിക്കൂറുകളോളം കാത്തിരുന്നത് പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നു. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലെ ബിജെപി പ്രചാരണപ്പകിട്ടിന് മുന്നിൽ കോൺഗ്രസ് നിറം മങ്ങിയതിന്റെ പ്രധാനകാരണവും ഇതുതന്നെ. പണം വാരിയെറിയുന്ന ബിജെപിയിലേക്കാണ് കോർപ്പറേറ്റ് സംഭാവനകൾ ഒഴുകുന്നത്. 

മാർച്ച് 2016ന് മുൻപുള്ള നാല് വർഷങ്ങളിൽ 2,987 കോർപ്പറേറ്റുകളിൽ നിന്നായി 700 കോടിയിലധികം രൂപയാണ് ബിജെപിക്ക് സംഭാവനയായി ലഭിച്ചത്. കോൺഗ്രസിന് ലഭിച്ചതാകട്ടെ 167 ഇടങ്ങളില്‍ നിന്നായി 200 കോടിയും. 2014ലെ പൊതുതിരഞ്ഞെടുപ്പ് സമയത്ത് മാത്രം ബിജെപി 500 കോടിയിലധികം സമ്പാദിച്ചപ്പോൾ കോൺഗ്രസ് 300 കോടിയിലൊതുങ്ങി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. 

സാമ്പത്തിക പ്രതിസന്ധി മൂലം പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും സംഘടനാപ്രവർത്തനങ്ങളും വഴിമുട്ടിയ അവസ്ഥയിലാണ്. 2019 അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഫണ്ടില്ലാത്തത് കോൺഗ്രസിന് വലിയ തിരിച്ചടിയാകും. ഡൽഹിയിലെ പുതുതായി പണികഴിപ്പിച്ച വലിയ ഓഫീസിലേക്ക് ബിജെപി മാറിയപ്പോൾ കോൺഗ്രസാകട്ടെ ഉള്ള ഓഫീസിലെ അറ്റകുറ്റപ്പണികൾ പാതിവഴിക്ക് നിർത്തിവെച്ചിരിക്കുകയാണ്.