കര്‍ണാടക പോയി; ഇനി ഉന്നം തെലങ്കാന; പുതിയ തന്ത്രം പരീക്ഷിക്കാനൊരുങ്ങി ബിജെപി

New Delhi: Prime Minister Narendra Modi talks with BJP President Amit Shah at party's National Executive meet, in New Delhi on Saturday. PTI Photo by Kamal Kishore (PTI3_19_2016_000180A)

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ചൂട് അവസാനിച്ചതോടെ തെലങ്കാനയില്‍ കണ്ണുവെച്ച് ബിജെപി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പും. ഡല്‍ഹിയില്‍ ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തെലങ്കാനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനമുണ്ടായത്. 

തെലങ്കാനക്കൊപ്പം ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍, ഒറീസ എന്നിവിടങ്ങളിലും പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ കൊടുക്കുമെന്ന് തെലങ്കാന ബിജെപി അ‌ധ്യക്ഷന്‍ കെ. ലക്ഷ്മണ്‍ പ്രതികരിച്ചു. രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍‍ അടുത്ത മാസം അമിത് ഷാ സംസ്ഥാനത്തെത്തും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ പദ്ധതിക്ക് രൂപം നല്‍കും.  

‘സംഘടനാപരമായി ശക്തമായ നിലയിലാണ് പാര്‍ട്ടി. പോളിങ് ബൂത്തുകള്‍ കേന്ദ്രീകരിച്ച് ഓരോ വോട്ടര്‍മാരിലേക്കും കടന്നുചെല്ലുന്ന തരത്തിലായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം. വിവിധ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച 'പന്നാ പ്രമുഖ്' മാതൃകയായിരിക്കും തെലങ്കാനയിലും പാര്‍ട്ടി പിന്തുടരുക.119 മണ്ഡലങ്ങളില്‍ 50ഓളം മണ്ഡലങ്ങളില്‍ ഈ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞു. വരും മണ്ഡലങ്ങളിലേത് രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കും.’ കെ.ലക്ഷ്മണ്‍ പറഞ്ഞു.‌

നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങളിലൂന്നിയാകും സംസ്ഥാനത്ത് പാര്‍ട്ടി പ്രചാരണം നടത്തുക. തെലങ്കാന രാഷ്ട്രസമിതിയുടെ പരാജയവും ഉയര്‍ത്തിക്കാണിക്കും. 17 ലോക്സഭാ സീറ്റുകളുടെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്, കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍, ബിഹാര്‍ മന്ത്രി മംഗള്‍‌ പാണ്ഡെ എന്നിവരും സംസ്ഥാനത്തെത്തും.