'പുതിയ ആളല്ലേ, പഠിച്ചോളും..'; ബിപ്ലബ് അബദ്ധങ്ങളോട് അമിത് ഷായുടെ പ്രതികരണം

'പുതിയതല്ലേ, പഠിച്ചുകൊള്ളും'... ഒന്നിനു പിറകേ ഒന്നായി ഹിമാലയൻ അബദ്ധങ്ങൾ വിളിച്ചു പറ‍‍ഞ്ഞ് വാർത്തകളിലിടം നേടുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിൻറെ അബദ്ധ പരാമർശങ്ങളോട് പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ പ്രതികരണമാണിത്. ഇന്ത്യാ ടുഡേക്കു നൽകിയ അഭിമുഖത്തിലാണ് ബിപ്ലബ് മൊഴികളെക്കുറിച്ച് അമിത് ഷാ പ്രതികരിച്ചത്. അതേസമയം ബിപ്ലബിന്‍റെ ഭരണത്തിൽ സംതൃപ്തനാണെന്നും അമിത് ഷാ പറഞ്ഞു. 

ബ്രിട്ടീഷ് ഭരണത്തിൽ പ്രതിഷേധിച്ച് ടാഗോർ നോബേൽ സമ്മാനം തിരികെ നൽകിയെന്നായിരുന്നു ഏറ്റവുമൊടുവിലായി ബിപ്ലബ് നടത്തിയ അബദ്ധ പരാമർശം. ഉദയ്പൂരിൽ ടാഗോറിൻറെ ജൻമ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കവേ ആയിരുന്നു ഇത്. എന്നാ‌ൽ 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ടാഗോർ സർ പദവി തിരിച്ചു നൽകി എന്നത് ചരിത്രം. 1913 ലാണ് ടാഗോറിന് നോബേൽ സമ്മാനം ലഭിക്കുന്നത്. 1915 ൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ സർ പദവി നൽകി ആദരിച്ചിരുന്നു.

മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇൻറർനെറ്റ് ഉണ്ടായിരുന്നു എന്നതായിരുന്നു ത്രിപുര മുഖ്യന്‍റെ ആദ്യ അബദ്ധ മൊഴി. ഡയാന ഹൈഡൻ ഇന്ത്യന്‍ സൗന്ദര്യത്തിന്‍റെ പ്രതീകമല്ലെന്ന പരാമര്‍ശം നടത്തി പുലിവാലു പിടിച്ച മുഖ്യൻ ഒടുവിൽ മാപ്പു പറഞ്ഞു. സിവിൽ എ‍ഞ്ചിനീയർമാരാണ് സിവിൽ സർവ്വീസിലേക്ക് പോകേണ്ടതെന്ന് അടുത്ത നാക്കുപിഴ. ഏറ്റവുമൊടുവില്‍ കൂട്ടുപിടിച്ചത് ടാഗോറിനെ. 

തുടർച്ചയായി നാക്കുപിഴകൾ നടത്തുന്ന ബിപ്ലബിനെ പ്രധാനമന്ത്രി ശാസിച്ചതായും വാർത്തകളുണ്ടായിരുന്നു.