ആ കുഞ്ഞിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തയാളെ ശ്രദ്ധിക്കണം; ‘കഠ്‌വ’യില്‍ ഞെട്ടിച്ച് സര്‍‌ജന്‍റെ കുറിപ്പ്

രാജ്യത്തെ പിടിച്ചുലച്ച കഠ്‌വ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഫോറന്‍സിക് സര്‍ജന്റെ കുറിപ്പ്. പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട എല്ലാ വൈകാരിക നിമിഷങ്ങളെയും അതിജയിക്കാന്‍ കഴിയുന്ന തനിക്ക് കഠ്‌വ സംഭവത്തെക്കുറിച്ചറിഞ്ഞ ശേഷം ആദ്യമായി ഫോറൻസിക്ക് മെഡിസിനോട് ഭയം തോന്നുന്നുവെന്ന് ഡോക്ടര്‍ കൃഷ്ണന്‍ ബാലേന്ദ്രന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ എഴുതുന്നു. ആ കുഞ്ഞിനെ ഒരു ഡോക്ടർ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുണ്ടാവണമല്ലോ. അദ്ദേഹത്തെ ആരെങ്കിലും കാര്യമായി ശ്രദ്ധിക്കേണ്ടി വരും. പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോൾ മൂർച്ചയേറിയ സർജ്ജിക്കൽ സ്കാൽപ്പലാണ് കൈയ്യിൽ. അതുംകൊണ്ട് മാരകമായ മുറിവേൽപ്പിക്കാൻ സാധിക്കും. ഒരു നിമിഷം മതി എല്ലാറ്റിനും.– ഡോക്ടര്‍ എഴുതുന്നു. 

‘പോസ്റ്റുമോര്‍ട്ടം പരിശോധന മരിച്ചവരിലല്ല ചെയ്യുന്നത്. അത് ഒരിക്കൽ ജീവിച്ചിരുന്നവരിൽ ചെയ്യുന്ന ഒരല്പം വൈകിപ്പോയ വൈദ്യ പരിശോധനയാണ്.’ കുറിപ്പില്‍ ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്‍ ഇങ്ങനെ പറയുന്നു.

ദുരൂഹമായ ഓരോ മരണവും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഒരു മരണം ഉയർത്തിവിടുന്ന നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ബാധ്യത ഓരോ ഫോറൻസിക് സർജനുണ്ട്. ആ മരണം ഉയർത്തുന്ന ചോദ്യങ്ങൾ‌ക്ക് വൈദ്യപരിശോധനയിലൂടെ ന്യായത്തിന്റെയും തെളിവുകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിലുളള മറുപടി പരിശോധനയിലൂടെ നൽകുമ്പോൾ മാത്രമാകും തന്റെ ജോലി അയാൾ പൂർത്തിയാക്കുക. അയാൾ എങ്ങനെയായിരിക്കും ഓരോ മരണത്തോടും പ്രതികരിക്കുക.  ഫോറസിക് സർജൻ ഡോക്ടറുടെ വൈകാരികമായ ഫെയ്സ്ബുക്ക് കുറിപ്പ് ഈ സാഹചര്യത്തിലാണ് ചർച്ചയാകുന്നത്. 

കാക്കി എന്റെ ഏക മതം; ഉള്ളുനിറയെ അവള്‍: ‘കഠ്‌വ’യിലെ ധീര പൊലീസുകാരി: അഭിമുഖം

സാധാരണക്കാർക്ക് കണ്ടുനിൽക്കാൻ വല്യ ബുദ്ധിമുട്ടാണ് ട്രെയിൻ തട്ടി മരണപ്പെടുന്നവരുടെ ചിന്നിച്ചിതറിയ ശരീരങ്ങൾ. എനിക്കത് അത്രയും വല്യ പാടുള്ള കാര്യമല്ല. അതിന്റെ കാരണം ഇത്തരം കേസുകളിൽ മരണം തൽക്ഷണമാണ് എന്നതാണ് എന്നെഴുതിയ ഡോക്ടര്‍ ഇത്രകൂടി കൂട്ടിച്ചേര്‍ക്കുന്നു: മറിച്ച്, കഷ്ടപ്പെട്ട്, വളരെയധികം സ്ട്രഗിൾ ചെയ്ത്, ശ്വാസം മുട്ടി മരണത്തോട് അവസാനം വരെ പൊരുതി തോറ്റു മുങ്ങി മരിക്കുന്ന ഒരാളുടെ ലങ്ങ്സ് കണ്ടാൽ എനിക്ക് ശ്വാസം മുട്ടും. എനിക്ക് പക്ഷേ ഇപ്പോഴും, ഇത്രയും വർഷങ്ങളായിട്ടും, കൈവിറച്ചുകൊണ്ടല്ലാതെ ഒരു കൊച്ചു കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാൻ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും കുഞ്ഞുങ്ങൾ മരണത്തോട് ദീർഘമായി പോരാടി സ്ട്രഗിൾ ചെയ്ത് മരിക്കുന്നത് എനിക്ക് താങ്ങില്ല. മനസ്സിന്റെ താളം തെറ്റും. അടി തെറ്റി പകച്ച് തകർന്ന് തരിപ്പണമായിപ്പോകും- ഏറെ അനുഭവ പരിചയമുള്ള ഡോക്ടറുടെ കുറിപ്പ് നീളുന്നു.

മൊഴിമാറ്റാനായി നല്‍കിയ 5 ലക്ഷവുമായി ഇരയായ പെണ്‍കുട്ടി സ്റ്റേഷനില്‍; അമ്പരന്ന് പൊലീസ്