മൊഴിമാറ്റാനായി നല്‍കിയ 5 ലക്ഷവുമായി ഇരയായ പെണ്‍കുട്ടി സ്റ്റേഷനില്‍; അമ്പരന്ന് പൊലീസ്

victim-noida
SHARE

പീഡനക്കേസില്‍ മൊഴി മാറ്റുന്നതിനായി പ്രതികൾ തന്റെ മാതാപിതാക്കൾക്ക് നൽകിയ കൈക്കൂലിയുമായി നോയിഡയിൽ ഇരയായ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍. പീഡനത്തിനിരയായ പതിനഞ്ചുവയസ്സുകാരിയാണ് പൊലീസിന് മുന്നിൽ ഹാജരായത്. പ്രതികൾ മാതാപിതാക്കൾക്ക് നൽകിയ അഞ്ച് ലക്ഷം രൂപയുമായാണ് പീഡനത്തിനിരയായ പെൺകുട്ടി ഡല്‍ഹി പൊലീസിന് മുന്നിൽ ഹാജരായത്. കേസ് ഒത്തുതീർപ്പാക്കാനും മൊഴിമാറ്റാനുമാണ് തന്റെ മാതാപിതാക്കൾക്ക് പ്രതികൾ പണം നൽകിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കേസിനോടുള്ള പെൺകുട്ടിയുടെ സത്യസന്ധതയും ആത്മാർഥതയും അത്ഭുതപ്പെടുത്തിയെന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ എംഎൻ തിവാരി പറഞ്ഞു.

‘കുറെ നോട്ടുകെട്ടുകളുമായാണ് അവൾ വന്നത്. ഇതിൽ മൂന്ന് ലക്ഷം രൂപയുണ്ടെന്നും കേസിൽ മൊഴിമാറ്റാൻ പ്രതികൾ മാതാപിതാക്കൾക്ക് നൽകിയതാണെന്നും പറഞ്ഞു. എന്നാൽ പൊലീസ് പരിശോധിച്ചപ്പോൾ അതിൽ അ​ഞ്ച് ലക്ഷം രൂപ ഉണ്ടായിരുന്നതായും ഡെപ്യൂട്ടി കമ്മിഷ്ണർ പറഞ്ഞു. ഡൽഹി പ്രേം നഗറിലാണ് മാതാപിതാക്കൾക്കൊപ്പം പെൺകുട്ടി കഴിഞ്ഞിരുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മുപ്പതിനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് നോയിഡയിലും ഗാസിയബാദിലും നിരവധി തവണ പീഡനത്തിനിരയാക്കിയതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഇവർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ഈ പ്രതികളാണ് തന്റെ മാതാപിതാക്കളെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് പീഡനത്തിനിരയായ പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

20 ലക്ഷം രൂപയാണ് മൊഴിമാറ്റുന്നതിനായി പ്രതികൾ വാഗ്ദാനം ചെയ്തത്. ഇതിൽ അ‌‍ഞ്ച് ലക്ഷം രൂപ അഡ്വാൻസ് നൽകി. തുടർന്ന് കോടതിയിൽ മൊഴിമാറ്റാൻ മാതാപിതാക്കൾ നിർബന്ധിച്ചു. എന്നാൽ അതിന് തയ്യാറായില്ലെന്നും വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് കിടയ്ക്കയ്ക്ക് അടിയിൽ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളുമെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു എന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ക്രമിനൽ ഗൂഢാലോചനയ്ക്ക് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സംഭവത്തെ തുടർന്ന് പെൺകുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

MORE IN INDIA
SHOW MORE