സച്ചിന്‍ അന്ന് കേരളത്തോട് പറഞ്ഞത് വെറുതെയല്ല; നിലവാരം കുറഞ്ഞ ഹെൽമറ്റ് നിരോധിക്കണമെന്ന് കത്ത്

‘സുഹ്യത്തേ.. നിങ്ങൾ ഹെൽമറ്റ് ധരിക്കൂ... പിന്നിൽ ഇരിക്കുന്നവരും ഹെൽമറ്റ് ധരിക്കണം...’ കേരളത്തിൽ എപ്പോഴെത്തിയാലും ഇങ്ങനെ ചില ഓർമപ്പെടുത്തലുകൾ, സ്നേഹത്തോടെയുള്ള ചില ശാസനകൾ സച്ചിൻ നൽകാറുണ്ട്. ബൈക്കിൽ തന്നെ ഫോളോ ചെയ്ത ചെറുപ്പക്കാരനും ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിനോടും തിരുവനന്തപുരത്ത് സുരക്ഷയെപ്പറ്റി പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുചക്രവാഹനക്കാരും അവരുടെ സുരക്ഷയും സച്ചിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നതിനുള്ള മറ്റൊരു തെളിവിതാ. രാജ്യത്ത് നിലവാരമില്ലാത്ത ഹെൽമറ്റുകൾ നിർമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണെമന്നാവശ്യപ്പെട്ടാണ് രാജ്യസഭാ എം.പി. കൂടിയായ സച്ചിൻ ടെണ്ടുൽക്കർ കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്കരിക്ക് ഇപ്പോൾ കത്തയച്ചിരിക്കുകയാണ്. 

ഇന്ത്യയിൽ നിലവാരം കുറഞ്ഞ ഹെൽമറ്റുകളുടെ വിൽപ്പന വളരെ സജീവമാണ്. നിലവാരമില്ലാത്ത വസ്തുക്കളുപയോഗിച്ചാണ് ഇവ നിർമിക്കുന്നത്. വ്യാജ െഎ.എസ്.െഎ. മാർക്കുകൾ  ഉപയോഗിച്ച് ഇത്തരം ഹെൽമറ്റുകൾ വിറ്റഴിക്കുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് സച്ചിൻ ആവശ്യപ്പെടുന്നത്. ഒരു കായികതാരമെന്ന നിലയിൽ ഗുണമേൻമയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം തനിക്കറിയാമെന്നും സച്ചിൻ പറയുന്നു.

ഇരുചക്ര വാഹനമോടിക്കുന്നവരുടെ സുരക്ഷയെക്കരുതി രാജ്യത്ത് ഗുണനിലവാരമുള്ള ഹെൽമറ്റ് നിർബന്ധമാക്കണം. റോഡപകടങ്ങളിൽ  30 ശതമാനവും ഇരുചക്ര വാഹനയാത്രക്കാരാണ്. ഗുണനിലവാരമുള്ള ഹെൽമറ്റ് നിർബന്ധമാക്കിയാൽ മരണനിരക്ക് കുറയ്ക്കാനാകുെമന്നും സച്ചിൻ കത്തിൽ പറയുന്നു.