കുത്തബ് മിനാര്‍ ‘വിഷ്ണു സ്തൂപം’; താജ്മഹല്‍ ‘തേജോ ക്ഷേത്രം’, ഹിന്ദു മഹാസഭയുടെ വിവാദ കലണ്ടര്‍

ഇന്ത്യയുടെ പാരമ്പര്യത്തെയും ചരിത്രസ്മാരകങ്ങളെയും തിരുത്തിയും അവഹേളിച്ചും ഹിന്ദു മഹാസഭയുടെ കലണ്ടർ. സാംസ്കാരിക ചിഹ്നങ്ങളായ സ്മാരകങ്ങളും മുഗൽ കാലത്തെ പള്ളികളും ഹിന്ദു ക്ഷേത്രങ്ങളാക്കി മാറ്റിയാണ് അഖിലഭാരത ഹിന്ദുമഹാസഭയുടെ അലിഗഢ് യൂനിറ്റ് പുതിയ കലണ്ടർ പുറത്തിറക്കിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഗൽ കാലഘട്ടത്തെ ചരിത്രസ്മാരകങ്ങളും ഏഴു മുസ്‌‌ലിം പള്ളികളും ഇക്കൂട്ടത്തിൽപ്പെടുന്നു. മുൻപും വിവാദങ്ങളിൽ നിറഞ്ഞ ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ഹിന്ദുക്ഷേത്രമാക്കിയാണ് കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്. തേജോ മഹാലയ ക്ഷേത്രമെന്നാണ് താജ്മഹലിനെ നാമകരണം ചെയ്തിരിക്കുന്നത്. കുത്തബ്മിനാറിനെ കലണ്ടറിൽ വിഷ്ണുസ്തൂപമെന്നും പേരുമാറ്റിയിരിക്കുന്നു. ഇതുകൂടാതെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള മുസ്‌‌ലിം പള്ളികളും ഹിന്ദു ക്ഷേത്രമാക്കി മാറ്റിയിരിക്കുകയാണ് ഹിന്ദു മഹാസഭയുടെ പുതിയ കലണ്ടർ. ഞായറാഴ്ച പുറത്തിറക്കിയ കലണ്ടർ വൻവിവാദങ്ങളിലേക്കാണ് വഴിതുറക്കുന്നത്.

മധ്യപ്രദേശിലെ കമാൽ മൗല പള്ളിയെ ഭോജ്ശാലയെന്നും കാശിയിലെ ജ്ഞാന്‍വ്യാപി പള്ളിയെ വിശ്വനാഥ് ക്ഷേത്രമെന്നും ജാൻപൂരിലെ അടാല പള്ളിയെ അടാല ദേവി ക്ഷേത്രമെന്നുമാണ് കലണ്ടറിൽ നാമകരണം ചെയ്തിരിക്കുന്നത്. പുതിയ കലണ്ടറിൽ ബാബറി മസ്ജിദും ഇടംപിടിച്ചുണ്ട്. അയോധ്യയിലെ ബാബറി മസ്ജിദിനെ രാമജൻമഭൂമി എന്ന പേരിലാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹിന്ദു മഹാസഭ പുറത്തിറക്കിയ ഹിന്ദു പുതുവർഷ കലണ്ടറിനെ ന്യായീകരിച്ച് ദേശീയ സെക്രട്ടറി പൂജ ഷാക്കുൻ പാണ്ഡെ രംഗത്തെത്തി. മുൻപ് ഹിന്ദു ക്ഷേത്രങ്ങാളിയിരുന്നു ഇവെയെല്ലാമെന്നും അതിനെ തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമാണിതെന്നുമാണ് ഹിന്ദു മഹാസഭയുടെ വാദം. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച് ഉടൻ തന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നാണ് തന്റെ വിശ്വസമെന്നും പൂജ ഷാക്കുൻ പണ്ഡെ കൂട്ടിച്ചേർക്കുന്നു.

ഹിന്ദുമഹാസഭയുടെ വിവാദ കലണ്ടറിനെതിരെ പലരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് വർഗീയകലാപം ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമാണിെതന്നും സർക്കാർ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുസ്‌‌ലിം വ്യക്തി നിയമ ബോർഡ് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ഹാഫിസ് മുഹമ്മദ് സയിദും ഹിന്ദുമഹാസഭയും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നായിരുന്നു അലിഗഢ് മുൻ എംഎൽഎ സമീർ ഉല്ല ഖാന്റെ പ്രതികരണം.