ആന്ധ്രയും നായിഡുവും മോദിയോട് ചോദിക്കുന്ന ‘പ്രത്യേക പദവി’ എന്ത്? അറിയേണ്ടതെല്ലാം

ഒടുവില്‍ തെലുങ്കുദേശം പാര്‍ട്ടി ബിജെപി മുന്നണി വിട്ട് ഇറങ്ങിപ്പോയിരിക്കുന്നു. ആന്ധ്രപദേശിന് സ്പെഷല്‍ കാറ്റഗറി പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ആന്ധ്രയടക്കം പല സംസ്ഥാനങ്ങളും ഇപ്പോള്‍ ആവശ്യപ്പെടുന്ന ഈ ‘പ്രത്യേക പദവി’ എന്ത്? ഇതാ വായിക്കൂ...

എന്താണ് സ്പെഷല്‍ കാറ്റഗറി പദവി?

ചരിത്രപരമായും സാമൂഹികപരമായും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ദേശീയ വികസന കൗണ്‍സില്‍ നല്‍കുന്ന പദവിയാണ് സ്പെഷല്‍ കാറ്റഗറി പദവി (എസ്.സി.എസ്).  ദുര്‍ഘടമായ മലനിരകളുള്ള സംസ്ഥാനങ്ങള്‍, കുറഞ്ഞ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങള്‍, കുറഞ്ഞ വരുമാനമുള്ള സംസ്ഥാനങ്ങള്‍, മറ്റു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ എന്നിവയ്ക്കാണ് ഈ പദവി നല്‍കുന്നത്.  പലകാരണങ്ങളാല്‍ അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക്  വികസനം നേടാനുള്ള പ്രോല്‍സാഹനമായാണ് സ്പെഷല്‍ കാറ്റഗറി പദവി നല്‍കുന്നത്. 

ഇപ്പോള്‍ ഏതൊക്കെ സംസ്ഥാനങ്ങള്‍ക്കാണ് സ്പെഷല്‍ കാറ്റഗറി പദവിയുള്ളത്?

ജമ്മു കശ്മീര്‍ ആണ് സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി സ്പെഷല്‍ കാറ്റഗറി പദവി നേടിയ സംസ്ഥാനം. പിന്നീട് പല കാലത്തായി പത്തു സംസ്ഥാനങ്ങള്‍ക്ക് സ്പെഷല്‍ കാറ്റഗറി പദവി നല്‍കി. അവ ഇവയാണ്: അരുണാചല്‍പ്രദേശ്, അസം, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്. 

ആന്ധ്രപ്രദേശ് സ്പെഷല്‍ കാറ്റഗറി പദവി ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനായി ആന്ധ്രപ്രദേശ് വിഭജിച്ചതോടെ സംസ്ഥാനത്തിന് വരുമാനത്തില്‍ വലിയ കുറവുണ്ടായി. ഇത് പരിഹരിക്കാന്‍ ആന്ധ്രപ്രദേശിന് സ്പെഷല്‍ കാറ്റഗറി പദവി നല്‍കാമെന്ന് അന്ന് യു.പി.എ സര്‍ക്കാരും പിന്നീട് എന്‍.ഡി.എ സര്‍ക്കാരും വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറി. 

സ്പെഷല്‍ കാറ്റഗറി പദവിയുള്ള സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെ?

അധിക കേന്ദ്രഫണ്ടുകള്‍, വികസനകാര്യങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രസഹായം എന്നിവയെല്ലാം സ്പെഷല്‍ കാറ്റഗറി പദവിയുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. മിക്ക വികസന പദ്ധതികള്‍ക്കും 90 ശതമാനം കേന്ദ്ര ഫണ്ട് ലഭിക്കും. ആനുപാതികമായ അനവധി നികുതിയിളവുകളും വ്യവസായ വളര്‍ച്ചയ്ക്ക് പ്രത്യേക സഹായവും ഉണ്ട്. 

എന്തുകൊണ്ടാണ് ഇപ്പോള്‍ ആന്ധ്രപ്രദേശിന് സ്പെഷല്‍ കാറ്റഗറി പദവി നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നത്?

ആന്ധ്രപ്രദേശിന് സ്പെഷല്‍ കാറ്റഗറി പദവി നല്‍കിയാല്‍ ഈ ആവശ്യവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുവരും. ഇപ്പോള്‍ത്തന്നെ ഒഡിഷയും ബിഹാറും സ്പെഷല്‍ കാറ്റഗറി പദവി ആവശ്യപ്പെട്ടു കഴിഞ്ഞു. കേന്ദ്രത്തിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് സ്പെഷല്‍ കാറ്റഗറി പദവി. മാത്രമല്ല, ആന്ധ്രപോലെ മുഖ്യധാരയിലുള്ള ഒരു സംസ്ഥാനത്തിന് സ്പെഷല്‍ കാറ്റഗറി പദവി നല്‍കണമെങ്കില്‍ ഇപ്പോഴുള്ള മാനദണ്ഡങ്ങള്‍ മുഴുവന്‍ മാറ്റേണ്ടിവരും.