കണ്ടതല്ല, അതിനപ്പുറമാണ് ഈ വോട്ടുവിഹിതക്കണക്ക്; ബിജെപിക്ക് നെഞ്ചിടിക്കണം

ഉപതിരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടിയുടെ അലയൊലികൾ രാജ്യമെമ്പാടും ചർച്ചയാവുകയാണ്. ബിജെപിയുടെ ഉരുക്കുകോട്ടയായ മണ്ഡലങ്ങളിലെ അപ്രതീക്ഷിത തിരിച്ചടിയിൽ പകച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒൗദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി പാർട്ടി ആസ്ഥാനത്ത് നേതാക്കളുമായി ചർച്ചനടത്താനുള്ള ഒരുക്കത്തിലാണ്. യുപിയിലേറ്റ തിരിച്ചടികൾ കേന്ദ്രത്തിലും ആശങ്കകൾ ഏറെയാണ്. പ്രതിപക്ഷപാർട്ടികളുടെ െഎക്യത്തെയാണ് മോദിയും കൂട്ടരും ഭയപ്പെടുന്നുവെന്നുറപ്പാണ്. യുപിയിലെ വിധി ആ െഎക്യത്തിലേക്കാണ് വിരൽചൂണ്ടുന്നതും. 

ശത്രുത മറന്ന് ബിഎസ്പിയും എസ്പിയും ഒരുമിച്ചപ്പോൾ തണ്ടൊടിഞ്ഞത് പതിറ്റാണ്ടുകൾ താമര പൂത്തുലഞ്ഞ മണ്ഡലത്തിലാണ്. വിജയത്തിന് ശേഷം മായാവതിയെ നേരിൽചെന്ന് കണ്ട് നന്ദിയറിയിച്ച അഖിലേഷിന്റെ നീക്കത്തിലും വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇതിനെല്ലാം അപ്പുറം  ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

അതിങ്ങനെ

2014ലെ തിരഞ്ഞെടുപ്പിലെയും ഇപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിലെയും വോട്ടിന്റെ കണക്ക് തുറന്നിടുന്ന പുതിയ കളിയാണ് ബി‌ജെപിക്ക് വിനയാകുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഫുൽപൂർ, ഗോരഖ്പൂർ മണ്ഡലങ്ങളിലെ വോട്ടുവിഹിതം പരിശോധിച്ചാൽ ഇത് വ്യക്തം. 2014ൽ ബിഎസ്പിയും എസ്പിയും രണ്ടായിട്ടാണ് മൽസരിച്ചത്. അപ്പോൾ ഇരുപാർട്ടികൾക്കും മണ്ഡലത്തിൽ കിട്ടിയ വേട്ടുവിഹിതം ഇങ്ങനെ:

ഫുൽപൂർ മണ്ഡലം 37.4 ശതമാനം വോട്ടുകൾ, ഗോരഖ്പൂർ മണ്ഡലം 38.8 ശതമാനം വോട്ടുകൾ. 

ഇതു പഴയചിത്രം. ഇനി ഇപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒരുമിച്ച് മൽസരിച്ചപ്പോൾ കണക്കിങ്ങനെ:

ഫുൽപൂർ മണ്ഡലം 46.9 ശതമാനം, ഗോരഖ്പൂർ മണ്ഡലം 48.9 ശതമാനം.

ഒരുമിച്ച് നിന്നപ്പോൾ ഉയർന്ന വോട്ടുശതമാനത്തിന്റെ കണക്കിങ്ങനെ:

ഫുൽപൂരിൽ 9.5 ശതമാനം വോട്ടുകളുടെ വർധന. ഗോരഖ്പൂരിൽ 10.1 ശതമാനം വോട്ടുകളുടെ വർധന. 

തമ്മിലടി ഒഴിവാക്കി ഒറ്റയ്ക്ക് നീങ്ങിയപ്പോളുണ്ടായ ഇൗ വോട്ടുവിഹിതം മനസിലാക്കുന്ന ബിഎസ്പിയും എസ്പിയും ബിജെപിക്കുണ്ടാക്കുന്ന തലവേദന ഇനി കൂടുകയേ ഉള്ളൂ. ഇനി ബിജെപിയുടെ വോട്ടുവിഹിതം നോക്കാം:

2014ൽ ഫുൽപൂർ മണ്ഡലത്തിൽ ബിജെപി 52.4 ശതമാനം വോട്ടുനേടി. ഗോരഖ്പൂർ മണ്ഡലത്തിൽ 51.8 ശതമാനം വോട്ടും

എന്നാൽ ഉപതിരഞ്ഞെടുപ്പിൽ സഖ്യമായ പ്രതിപക്ഷ പാർട്ടികളോട് ഏറ്റുമുട്ടിയപ്പോൾ 

ഫുല്‍പൂരിൽ ബിജെപിയുടെ വോട്ടുവിഹിതം 38.8 ശതമാനമായും ഗോരഖ്പൂറിൽ 46.5 ശതമാനമായും ഇടിഞ്ഞു. ഫുൽപൂറിൽ കുറഞ്ഞത് 13.6 ശതമാനം വോട്ടുകൾ, ഗോരഖ്പൂരിൽ 5.3ശതമാനം വോട്ടുകളും. 

ഇൗ അന്തരം മുന്നിൽ കാണാതെ 2019ലേക്ക്  ബിജെപി പടയൊരുക്കം നടത്തിയാൽ ഉണ്ടാകുന്ന വീഴ്ചയുടെ ആഘാതം എത്രത്തോളം വലുതായിരിക്കുെമന്ന് അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും നന്നായി അറിയാം. പ്രതിപക്ഷപാർട്ടികൾ ഒരുമിച്ചെത്തിയപ്പോൾ 66 ശതമാനം വോട്ടുകളാണ് നേടുന്നത്. മുൻവർഷത്തെക്കാൾ അധികമായെത്തിയ വേട്ടുവിഹിതം 33 ശതമാനം. ഇൗ കണക്കുകൾ പറയും, ഇനി 2019ൽ യുപിയുടെ രാഷ്ട്രീയം. ചർച്ചകളും ആശങ്കകളും ഒരുവിഭാഗത്ത് നടക്കുമ്പോൾ യുപി കാണിച്ചുതരുന്ന വലിയ ഒരു പാഠമുണ്ടെന്ന് പ്രതിപക്ഷപാർട്ടികൾ മനസിലാക്കിയാൽ അതാകും ഒരു പക്ഷേ 2019ൽ പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നത്.