ഇങ്ങനെ പോരാ: മോദിയെ കൊട്ടി, കോണ്‍ഗ്രസിനെ ഉപദേശിച്ച് ശിവസേന

നരേന്ദ്രമോദി സർക്കാരിനെ വിമർശിച്ചും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ ഉപദേശിച്ചും ശിവസേന മുഖപത്രം സാമ്‌ന. ഇതരരാജ്യങ്ങളുടെ തലവന്മാരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നുണ്ടെങ്കിലും നയതന്ത്രതലത്തിൽ കാര്യമായ നേട്ടമൊന്നും ഇന്ത്യക്ക് കൈവരിക്കാനായിട്ടില്ല. സർജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടും പാകിസ്താന്റെ മനോഭാവം മാറിയില്ല. ഇതെല്ലാം മോദി സർക്കാരിന്റെ വീഴ്ചയാണ് കാണിക്കുന്നതെന്ന് സാമ്‌ന പറയുന്നു. 

ഒപ്പം, പ്രതിപക്ഷപാർട്ടികളുടെ നേതാക്കൾക്കായി സോണിയഗാന്ധി ഒരുക്കിയ അത്താഴവിരുന്നിനെയും സേന പരിഹസിച്ചു. അത്താഴവിരുന്നുകൊണ്ട് മാത്രം ബിജെപിക്കെതിരെ മുന്നോട്ടുപോകാൻ കോൺഗ്രസിന് കഴിയില്ല. ശക്തനായ നേതാവിനെയും, ശക്തമായ നിലപാടുകളുമാണ് രാജ്യത്തെ മുഖ്യപ്രതിപക്ഷ പാർട്ടിയിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും സാമ്‌ന പറയുന്നു. യുപി, ബിഹാർ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ  പശ്ചാത്തലത്തിലാണ് വിമർശനം.