നെഞ്ചിൽ തീയുമായി 35 മണിക്കൂർ, കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ ജീവിതത്തിലേക്ക്

മുപ്പത്തിയഞ്ച് മണിക്കൂറുകൾ നീണ്ട തീവ്രശ്രമത്തിനൊടുവിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരനെ സൈന്യം രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ഉമരിയ എന്ന ഗ്രാമത്തിലാണ് റോഷൻ എന്ന നാലുവയസുകാരൻ  വീടിന് സമീപമുള്ള കുഴൽക്കിണറിൽ വീണത്. കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു 150 അടി താഴ്ചയുള്ള കുഴൽക്കിണറ്റിലേക്കാണ് കുട്ടി വീണത്. 

30അടി താഴ്ചയിൽ കുടുങ്ങി നിന്ന കുട്ടിയെ രക്ഷിക്കാൻ ആദ്യം നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാസേന കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. രാത്രിയും പകലും നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ  35മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യത്തിന്  കുട്ടിയെ  രക്ഷിക്കാനായത്. കയർ ഉപയോഗിച്ചാണ് കുട്ടിയെ പുറത്തെടുത്തത്.

മുപ്പതടി താഴ്ചയിൽ കുടുങ്ങികിടന്ന കുട്ടിക്ക് ആദ്യം കുഴൽ വഴി  ഓക്സിജൻ നൽകി. കുഴൽക്കിണറിന് സമീപം സമാന്തരമായി കുഴിയെടുത്ത് കുട്ടിയ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും സമയമെടുക്കുന്നതിനാൽ ആ നീക്കം ഉപേക്ഷിച്ചു. പിന്നീടാണ് കയർ ഉപയോഗിച്ച് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങിയത്.  സൈന്യം നൽകുന്ന നിർദേശങ്ങളോട് കുട്ടി പൂർണമായും സഹകരിച്ചതുകൊണ്ടാണ് രക്ഷാപ്രവർത്തനം വിജയമായത്. മൂടാതെ കിടക്കുന്ന കുഴൽക്കിണറുകളിൽ കുട്ടികൾ വീണുണ്ടാകുന്ന അപകടങ്ങൾ രാജ്യത്ത് ഏറുകയാണ്.