നിയമസഭയില്‍ ജയലളിതയുടെ ഛായാചിത്രം; വിവാദം കത്തുന്നു

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഛായാചിത്രം നിയമസഭയില്‍ അനാച്ഛാദനം ചെയ്തതുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നു. ഫോട്ടോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എം.കെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി ശിക്ഷിച്ചയാളുടെ ചിത്രം സ്ഥാപിക്കുന്നത് നിയമസഭയ്ക്ക് കളങ്കമെന്ന് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍. ടി.ടി.വി.ദിനകരന്‍ എം.എല്‍.എയും ചടങ്ങില്‍ പങ്കെടുത്തില്ല.

തമിഴ്നാട് നിയമസഭയ്ക്കുള്ളില്‍ വെക്കുന്ന പതിനൊന്നാമത്തെ ചിത്രമാണ് ജയലളിതയുടേത്. ആദ്യമായാണ് ഒരു വനിതയുടെ ചിത്രം ഇടംപിടിക്കുന്നത്. സ്പീക്കര്‍ പി.ധനപാല്‍ അനാച്ഛാദനം നിര്‍വഹിച്ചു. പ്രതിപക്ഷാംഗങ്ങളുടെ ഇരിപ്പിടത്തിന് അഭിമുഖമായാണ് ചിത്രം സ്ഥാപിച്ചിരിക്കുന്നത്.  മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം മറ്റ് മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരെ കൂടാതെ അണ്ണാ ഡി.എം.കെ എം.പിമാരും ചടങ്ങില്‍ പങ്കെടുത്തു. സുപ്രീം കോടതി ശിക്ഷിച്ചയാളുടെ ചിത്രം സഭയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും.

ചിത്രം സ്ഥാപിച്ചതിനെ ബി.ജെ.പി സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്തു. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും സഭയിലെ കോണ്‍ഗ്രസ് അംഗം വിദ്യാധരണി സ്പീക്കറെ ആശംസയറിച്ചത് കൗതുകമായി.