പാസ്പോര്‍ട്ട് ഇനി മേല്‍വിലാസത്തിനുളള ആധികാരിക രേഖയായി ഉപയോഗിക്കാനാകില്ല

പാസ്പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍ ഇനിമുതല്‍ പ്രിന്‍റ് ചെയ്യേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ഇതോടെ മേല്‍വിലാസത്തിനുളള ആധികാരികരേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ല. ഇമിഗ്രേഷന്‍ പരിശോധന ആവശ്യമായവര്‍ക്ക് ഓറഞ്ച് നിറത്തിലെ പുറംച്ചട്ടയോടുകൂടിയ പാസ്പോര്‍ട്ട് നല്‍കും.

ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടി പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടാനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോര്‍ട് ആന്‍ഡ് വിസ ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി സുരേന്ദ്രകുമാറാണ് വ്യക്തമാക്കിയത്. ഇതോടെ അടുത്ത സിരീസില്‍ പുറത്തിറങ്ങുന്ന പാസ്പോര്‍ട്ടുകളിലും ഈ മാറ്റം പ്രകടമാകും. 

വിദേശകാര്യമന്ത്രാലയത്തിന്‍റെയും വനിതാശിശുക്ഷേമന്ത്രാലയത്തിന്റെയും ഉദ്യോഗസ്ഥര്‍ അംഗങ്ങളായ ഉന്നതതലസമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. പാസ്‍പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം, മാതാപിതാക്കളുടെ പേര്, ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും പേര് തുടങ്ങിയവ ഇനി പ്രിന്‍റ് ചെയ്യില്ല. ഇമിഗ്രേഷന്‍ പരിശോധന ആവശ്യമാണോ അല്ലയോ തുടങ്ങിയ വിശദാംശങ്ങളും ഉണ്ടാകില്ല. 

ഇമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവര്‍ക്ക് നീല പാസ്പോര്‍ട്ടും പരിശോധന ആവശ്യമുളളവര്‍ക്ക് ഓറഞ്ച് പാസ്പോര്‍ട്ടും വിതരണം ചെയ്യും. പഴയ പാസ്പോര്‍ട്ട് നമ്പറും, പാസ്പോര്‍ട്ട് ഓഫിസിന്‍റെ വിശദാംശങ്ങളും ഒഴിവാക്കും. നാസികിലെ ഇന്ത്യന്‍ സുരക്ഷാപ്രസിനാണു പുതിയ പാസ്പോര്‍ട്ട് രൂപകല്‍പന ചെയ്യാനുളള ചുമതല. നിലവില്‍ പാസ്പോര്‍ട്ടുളളവര്‍ക്കു കാലാവധി കഴിയുന്നതുവരെ ഉപയോഗിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.  

എന്നാല്‍ പാസ്പോര്‍ട്ട് ഏറെക്കാലം തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന മാധ്യമറിപ്പോര്‍ട്ടുകളോട് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചിട്ടില്ല. നിലവില്‍ പാസ്പോര്‍ട്ടിന്റെ ആദ്യത്തെ പേജില്‍ പാസ്പോര്‍ട്ട് ഉടമയുടെ ഫോട്ടോയ്ക്കൊപ്പം ഉടമയുടെ വിവരങ്ങളാണ് അച്ചടിക്കാറുള്ളത്. എന്നാല്‍ വിലാസം മാത്രം അവസാനത്തെ പേജിലും നല്‍കാറുണ്ട്. അതിനാല്‍ പാസ്പോര്‍ട്ട് ഓഫീസിലോ എമിഗ്രേഷന്‍ സംബന്ധിച്ച ആവശ്യങ്ങള്‍ക്കോ പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജ് ആവശ്യമായി വരുന്നില്ല.