പാസ്പോർട്ട് പുതുക്കൽ; വേരിഫിക്കേഷൻ നിർബന്ധമാക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

പ്രവാസികളുടെ പാസ്പോർട്ട് പുതുക്കി ലഭിക്കുന്നതിന് പൊലീസ് വേരിഫിക്കേഷൻ നിർബന്ധമാണെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷ കാലതാമസമില്ലാതെ നൽകണമെന്ന്  കോൺസൽ ജനറൽ അമൻപുരി നിർദേശിച്ചു. അതേസമയം, പുതിയ പാസ്പോർട്ടിൽ പ്രവാസലോകത്തെ മേൽവിലാസവും ഉൾപ്പെടുത്താനാകും.

പ്രവാസികൾ പാസ്പോർട്ട് കാലാവധി തീരാൻ കാത്തുനിൽക്കാതെ, പുതുക്കുന്നതിനുള്ള അപേക്ഷ നേരത്തേ നൽകണമെന്നാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് നിർദേശിക്കുന്നത്. പൊലീസ് വേരിഫിക്കേഷൻ ആവശ്യമില്ലെന്ന നിയമം മാറിയതായും ഇനിമുതൽ പാസ്പോർട്ട് പുതുക്കുന്നതിനും വേരിഫിക്കേഷൻ നിർബന്ധമാണെന്നാണ് അറിയിപ്പ്. യുഎഇയിലുള്ളവർ ബി.എൽ.എസ് വഴിയാണ് അപേക്ഷിക്കേണ്ടത്.

രണ്ടുദിവസത്തിനുള്ളിൽ കോൺസുലേറ്റിൽ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കുമെന്നും തൊണ്ണൂറ് ശതമാനം പാസ്പോർട്ടുകളും സമയബന്ധിതമായി നൽകാൻ കഴിയുന്നുണ്ടെന്നും കോൺസൽ ജനറൽ അമൻപുരി പറഞ്ഞു. ഏതെങ്കിലും കുറ്റകൃത്യത്തിലോ മറ്റോ ഉൾപ്പെട്ട ആളാണെന്നു കണ്ടാൽ കാരണം കാണിക്കൽ നോട്ടീസ് നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ പാസ്പോർട്ട് കണ്ടു കെട്ടുമെന്നും കോൺസൽ ജനറൽ വ്യക്തമാക്കി. അതേസമയം, പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്‍പോർട്ടിൽ ചേർക്കാനും സംവിധാനമുണ്ടാകും. പുതിയ പാസ്പോർട്ടുകളിൽ മാത്രമായിരിക്കും മേൽവിലാസം ചേർക്കാനാകൂ.