പാസ്പോർട്ട് കവറിനു ഓർഡർ ചെയ്തു; കിട്ടിയത് പാസ്പോർട്ട് ഉള്‍പ്പെടെ; ഞെട്ടൽ

ഓൺലൈനിലൂടെ പാസ്പോർട്ട് കവറിനു ഓർഡർ ചെയ്ത യുവാവിനു കിട്ടിയത് പാസ്പോർട്ടുൾപ്പടെ. വയനാട് കണിയാംമ്പറ്റ സ്വദേശി മിഥുൻ ബാബുവാണ് തനിയ്ക്ക് ലഭിച്ച പായ്ക്കറ്റ് കണ്ട് ഞെട്ടിയത്. ഒക്ടോബർ 30 ന് ഓർഡർ ചെയ്ത സാധനം നവംബർ 1നാണ് മിഥുന് ലഭിച്ചത്. കുന്നംകുളം സ്വദേശിയായ യുവാവിന്റേതാണ് പാസ്പോർട്ട്. സംഭവം ഓണ്‍ലൈൻ കസ്റ്റമർ കെയറിൽ ഉടൻ അറിയിച്ചെങ്കിലും പാസ്പോർട്ട് എന്തു ചെയ്യണമെന്ന കാര്യത്തിൽ കൃത്യമായ നിർദേശം ലഭിച്ചില്ല. 

40 മിനുട്ടോളം 3 കസ്റ്റമർ കെയർ എക്സിക്യുട്ടീവ്സുമായി സംസാരിച്ചെങ്കിലും ഇത്രയും പ്രധാനപ്പെട്ട ഒരു രേഖ എന്തു ചെയ്യണമെന്ന് ആരും പറഞ്ഞില്ല, പിന്നീട് സുഹൃത്തിന്റെ നിർദേശപ്രകാരം  പാസ്പോർട്ട് പൊലിസിനെ ഏൽപ്പിച്ചുവെന്ന് മിഥുൻ പറയുന്നു. സംഭവം സോഷ്യൽമീഡിയയിലും വൈറലായി. എന്നാൽ സംഭവത്തിന്റെ ക്ലൈമാക്സ് ഇവിടെയാണ്, തൃശൂർ സ്വദേശി ഓൺലൈനായി ഓർഡർ ചെയ്ത പാസ്പോർട്ട് കവർ ഫിറ്റല്ലെന്ന് കണ്ട്,  പാസ്പോർട്ട് തിരിച്ചെടുക്കാതെ തിരിച്ചയയ്ക്കുകയും അതാണ് വീണ്ടും മിഥുന്റെ കയ്യിലെത്തിയതെന്നുമാണ് റിപ്പോർട്ട്.