ലൈംഗികാതിക്രമം: നൂതന ഉപകരണങ്ങള്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കണമെന്ന് കോടതി

ലൈംഗികാതിക്രമങ്ങള്‍ നേരിടാന്‍ സഹായിക്കുന്ന നൂതന ഉപകരണങ്ങള്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ലൈംഗിക പീഡനങ്ങള്‍ കൂടുന്നതിന്‍റെ കാരണങ്ങള്‍ വിശദീകരിക്കാനും നിര്‍ദേശം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും വനിത കമ്മിഷനും ജസ്റ്റിസ് എന്‍.കൃപാകരന്‍ നോട്ടിസ് അയച്ചു. 

മാനസിക വൈകല്യമുള്ള അറുപതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണണെമന്നും ലൈംഗിക അതിക്രമം ജീവിതകാലം മുഴുവന്‍ ഇരയെ വേട്ടയാടുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും വനിത കമ്മിഷനോടും ആവശ്യപ്പെട്ടിരിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ കുറവാണോ അതിക്രമങ്ങള്‍ക്ക് കാരണം.? അശ്ലീല സൈറ്റുകള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നത് ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന്‍റെ ഘടകമാണോ? സാമൂഹിക-സാംസ്കാരിക മതപരമായ സാഹചര്യങ്ങള്‍ കാരണം പുരുഷന്‍മാര്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നത് സ്ത്രീകള്‍ക്കെതിരെ തിരിയാന്‍ പ്രേരണയാകുന്നുണ്ടോ.? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് 2018 ജനുവരി പത്തിനകം മറുപടി നല്‍കേണ്ടത്. മൃഗങ്ങളേക്കാളും മോശം അവസ്ഥയിലേക്ക് മനുഷ്യന്‍ അധപതിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന ലൈംഗിക അതിക്രമങ്ങളുടെ വിവരങ്ങള്‍ കൈമാറാനും കോടതി നിര്‍ദേശിച്ചുണ്ട്.