തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് സിദ്ധരാമയ്യ

അടുത്ത വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വോട്ടിങ് മെഷീന്‍ ഉപയോഗിച്ചാല്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ കൃത്രിമം നടത്തിയെന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി സിദ്ദരാമയ്യ ബാലറ്റ് പേപ്പര്‍ എന്ന ആവശ്യവുമായി രംഗത്തെത്തിയത്. കര്‍ണാടകയില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മിഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റായ്ച്ചൂരില്‍ നവ കര്‍ണാടക നിര്‍മാണ യാത്രയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വിദഗ്ധ അഭിപ്രായം തേടിയപ്പോള്‍ വോട്ടിങ് മെഷിനില്‍ കൃത്രിമം നടത്താനാകുമെന്നാണ് മറുപടി ലഭിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബോധപൂര്‍വം ബി ജെ പിക്ക് അനുകൂലമായി വോട്ടിങ് മെഷിനില്‍ കൃത്രിമം നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.