ബാങ്ക് അക്കൗണ്ട് തുടങ്ങി ആറുമാസത്തിനകം ആധാറുമായി ബന്ധിപ്പിക്കണം

പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി ആറുമാസത്തിനകം ആധാറുമായി ബന്ധിപ്പിക്കണം. മാര്‍ച്ച് 31വരെ സമയം അനുവദിച്ചു. ബന്ധിപ്പിക്കാത്തവ പ്രവര്‍ത്തനരഹിതമാകും. 

അതേസമയം, ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് മുപ്പത്തിഒന്നുവരെ നീട്ടി. ഈമാസം 31ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധി എടുത്തുകളഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ചട്ടം ഭേതഗതി ചെയ്തു. 

ആധാര്‍ കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നാളെ വാദം കേള്‍ക്കാനിരിക്കെയാണ് വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ബാങ്ക് അക്കൗണ്ടുകള്‍ക്കൊപ്പം മറ്റു ധനകാര്യസ്ഥാപനങ്ങള്‍ , മ്യൂച്ചല്‍ ഫണ്ട്സ്, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട സമയപരിധിയും നീട്ടി നല്‍കി. ആധാര്‍ ഉള്ളവരില്‍ പകുതിപേര്‍ മാത്രമേ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളൂവെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധ സ്വരങ്ങളും ശക്തമായിരുന്നു. സമയപരിധി നീട്ടി നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സമയപരിധി വ്യക്തമാക്കാതെ പുറത്തിറക്കിയ വിജ്ഞാപനത്തിന് പിന്നാലെ തീയതിയുടെ കാര്യത്തില്‍ കേന്ദ്രധനമന്ത്രാലയം വ്യക്തതവരുത്തി. അടുത്ത വര്‍ഷം മാര്‍ച്ച് മുപ്പത്തിഒന്നിനകം ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. പുതിയ ബാങ്ക് അക്കൗണ്ടുകളും ബന്ധിപ്പിക്കേണ്ട അവസാനതീയതി മാര്‍ച്ച് മുപ്പത്തിഒന്നാണ്.

കള്ളപ്പണം തടയുന്നതിന് കൊണ്ടുവന്ന നിയമപ്രകാരമാണ് ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയത്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കല്‍ , അന്‍പതിനായിരത്തിന് മുകളിലുള്ള പണവിനിമയം എന്നിവയില്‍ ആധാര്‍ നിര്‍ബന്ധമാക്കിയുള്ള മുന്‍ ഉത്തരവില്‍ മാറ്റമില്ല. പാന്‍ കാര്‍‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് മുപ്പത്തിഒന്നുവരെ സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു.