‍ബാബറി മസ്ജിദ് കേസ്: സുന്നി വഖഫ് ബോര്‍ഡിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി

ബാബറി മസ്ജിദ് കേസ് ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പരിഗണിക്കണമെന്ന സുന്നി വഖഫ് ബോര്‍ഡിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. ഏഴംഗ ഭരണഘടനാബെഞ്ചിന് വിടണമെന്ന ആവശ്യവും കോടതി നിരസിച്ചു. വാദം കേള്‍ക്കല്‍ നീട്ടിവയ്ക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെയും നിലപാട്. അടുത്ത ഫെബ്രുവരി എട്ടിന് കേസ് വീണ്ടും പരിഗണിക്കും. 

ബാബറി മസ്ജിദ് കേസ് രാജ്യത്തിന്‍റെ രാഷ്ട്രീയഭാവിയെ കാര്യമായി ബാധിക്കുന്ന വിഷയമാണ്. രാമക്ഷേത്രം നിര്‍മിക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ആ തന്ത്രത്തില്‍ കോടതി വീഴരുത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രം കേസ് പരിഗണിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇതിന്‍റെ പേരില്‍ അഭിഭാഷകര്‍ തമ്മില്‍ ഏറെനേരം വാക്കുതര്‍ക്കമുണ്ടായി. 

മറ്റ് ഏതൊരു കേസിനെയും പോലെ മാത്രമാണ് ബാബറി മസ്ജിദ് കേസെന്ന് രാമജന്മഭൂമി ട്രസ്റ്റിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ വാദിച്ചു. തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട ചരിത്രരേഖകള്‍ പരിഭാഷപ്പെടുത്തി സമര്‍പ്പിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട വാദത്തിനൊടുവില്‍ ഫെബ്രുവരി എട്ടിന് മുന്‍പ് എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.