രണ്ടില ചിഹ്നം എടപ്പാടി പളനിസ്വാമി വിഭാഗത്തിന്

അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിഭാഗത്തിന്. ചിഹ്നത്തിന് അവകാശമുന്നയിച്ചുള്ള ശശികല.ദിനകരന്‍ പക്ഷത്തിന്‍റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. അതേസമയം, കമ്മിഷനെ സ്വാധീനിക്കാന്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിനകരനെതിരെയുള്ള അന്വേഷണം ഇഴയുകയാണെന്ന് ഡല്‍ഹി കോടതി വിമര്‍ശിച്ചു. 

അണ്ണാ ഡി.എം.കെ പാര്‍ട്ടിഭരണം കൈപ്പിടിയിലൊതുക്കാനുള്ള ശശികല പക്ഷത്തിന്‍റെ നീക്കത്തിന് കനത്ത തിരിച്ചടിയായി കമ്മിഷന്‍ തീരുമാനം. ഇരുവിഭാഗങ്ങളുടേയും സത്യവാങ്മൂലം പരിശോധിച്ച കമ്മിഷന്‍, ഇപിഎസ്.ഒപിഎസ് വിഭാഗത്തിനാണ് ഭൂരിപക്ഷ പിന്തുണയെന്ന് കണ്ടെത്തി. 

ഒ.പനീര്‍ശെല്‍വം അണ്ണാ ഡി.എം.കെ ജയലളിത മരിച്ചതോടെ ഒഴിവുവന്ന ആര്‍.കെ നഗര്‍ ഉപതിരഞ്ഞടുപ്പില്‍ ഇരുവിഭാഗങ്ങളും അവകാശവാദം ഉന്നയിച്ചതോടെ കഴിഞ്ഞ മാര്‍ച്ചില്‍ കമ്മിഷന്‍ ചിഹ്നം മരവിപ്പിച്ചിരുന്നു. ഡിസംബര്‍ മുപ്പത്തിയൊന്നിന് മുന്‍പ് ആര്‍.കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശവുമുണ്ട്. അതേസമയം, കേസില്‍ അനുകൂലവിധി നേടാന്‍ കമ്മിഷന് കൈക്കൂലി നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ദിനകരന്‍റെ സഹായിയായയ ഇടനിലക്കാരന്‍ കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിനകരനെതിരെ ഡല്‍ഹി ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണം തുടരുകയാണ്. ദിനകരനെതിരെയുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ വിമര്‍ശിച്ച കോടതി, കേസില്‍ രണ്ടാഴ്ചയ്ക്കകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ക്രൈം ബ്രാഞ്ചിനി നിര്‍ദേശം നല്‍കി.