സിഗ്നൽതെറ്റി ട്രെയിൻ ഒാടിയെന്ന പ്രചാരണം, സത്യാവസ്ഥ ഇതാണ്

ആയിരത്തി അഞ്ഞൂറോളംപേർ ചേർന്ന് ഡൽഹി-കോലാപൂർ(മഹാരാഷ്ട്ര) യാത്രയ്ക്കായി റെയിൽവേയിൽ സ്പെഷ്യൽട്രെയിൻ ബുക്ക്ചെയ്യുക. ഒരുദിവസംനീണ്ട യാത്ര അവസാനിച്ച്, ഇറങ്ങാനൊരുങ്ങുമ്പോൾ ട്രെയിൻ മധ്യപ്രദേശിലാണെത്തയതെന്ന് യാത്രക്കാർ തിരിച്ചറിയുക. ഉടനെ ട്രയിൻ 160കിലോമീറ്റർ സിഗ്നൽതെറ്റി ഓടിയതായി വാർത്ത പ്രചരിക്കുക. 

കേട്ടാൽ അത്ഭുതംതോന്നുന്ന ഈ വാർത്ത ചില ദേശിയമാധ്യമങ്ങളിലടക്കം ഇപ്പോഴുംപ്രചരിക്കുകയാണ്. എന്നാൽ, അതുകേട്ട് ഇന്ത്യൻ റയിൽവേയെ പഴിക്കാനും, ചീത്തപറയാനുംവരട്ടെ. സംഭവത്തിൻറെ നിജസ്ഥിതിയെന്തെന്ന്  റയിൽവേ വ്യക്തമാക്കിയത് കേൾക്കാം.  

ഡൽഹിയില്‍ നടന്ന കർഷകപ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നതിനും തിരികെ നാട്ടിലെത്തുന്നതിനുമായിരുന്നു മഹാരാഷ്ട്രയിലേയും, രാജസ്ഥാനിലേയും കർഷകർചേർന്ന് ലക്ഷങ്ങൾചെലവാക്കി സ്പെഷ്യൽ ട്രെയിൻ ബുക്ക്ചെയ്തത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി ചില സ്റ്റേഷനുകളിൽ സ്റ്റോപ് ആവശ്യപ്പെടുകയുംചെയ്തു. വെസ്റ്റേണ്‍ റയിൽവേയുടെ പാതയിലൂടെയായിരുന്നു സഞ്ചാരം. 

എന്നാൽ, തിരികെ കോലാപൂരിലെക്കുള്ള യാത്രയ്ക്കിടെ നിർത്തേണ്ട സ്റ്റേഷനുകൾ സംബന്ധിച്ച് കർഷകർ വിവരമൊന്നും നൽകിയിരുന്നില്ല. ഇതോടെ റയില്‍വേ അധികൃതർ കോലാപൂരിലെത്താനുള്ള എളുപ്പമാർഗമായ സെൻട്രൽറയിൽവേയുടെ പാതയെ ഉപയോഗപ്പെടുത്തി. മധുരയിൽനിന്ന് മിറാജ്, കരാഡ്, മൻമാദ്, തുടങ്ങിയ സ്റ്റേഷനുകളിലൂടെ കോലാപൂരെത്തുകയായിരുന്നു ലക്ഷ്യം. പക്ഷെ, ചൊവ്വാഴ്ച രാത്രിയോടെ പുറപ്പെട്ട ട്രെയിൻ ബുധനാഴ്ച രാവിലെ ഗ്വാളിയാറിന് സമീപം ഏറെനേരം പിടിച്ചിട്ടു. ഈസമയം പുറത്തിറങ്ങിയ കർഷകർ അന്തംവിട്ടു. മഹാരാഷ്ട്രയിലെത്തേണ്ട തങ്ങളെ മധ്യപ്രദേശിലെത്തിച്ച് ട്രെയിൻ യാത്ര അവസാനിപ്പിച്ചതായി സംശയിച്ചു. ‌

ഇതോടെയാണ് ട്രെയിൻ സിഗ്നൽതെറ്റി 160കിലോമീറ്റർ താണ്ടിയെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും ചില ദേശിയമാധ്യമങ്ങള്‍ അത് ഏറ്റെടുത്തതും. എന്തായാലും, മണിക്കൂറുകൾക്ക് ശേഷം ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിയെങ്കിലും വ്യാജവാർത്തയുടെ പ്രചാരണം ഇപ്പോഴും ട്രാക്കിലാണ്...