രാജ്യം ഇന്ദിര ഗാന്ധിയുടെ നൂറാം ജന്മവാര്‍ഷികദിനം ആഘോഷിക്കുന്നു

ഇന്ത്യയുടെ പ്രഥമ വനിതാപ്രധാനമന്ത്രി  ഇന്ദിര ഗാന്ധിയുടെ നൂറാം ജന്മവാര്‍ഷികദിനം ഇന്ന് രാജ്യം ആഘോഷിക്കുന്നു.  ഇന്ത്യയുടെ ബഹുസ്വരത ചോദ്യംചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇന്ദിരയുടെ ദര്‍ശനങ്ങള്‍ക്കും നയങ്ങള്‍ക്കും പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. അതേസമയം, ഇന്ദിര ഗാന്ധിയുടെ ജന്മശതാബ്ദി ദിനത്തില്‍ അവരെ പാടെ മറന്ന കേന്ദ്രസര്‍ക്കാരിന്‍റെ നടപടി നന്ദികേടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി വിമര്‍ശിച്ചു.   

അരനൂറ്റാണ്ട് മുന്‍പ് 1966ല്‍ ഇന്ത്യയുടെ ആദ്യ വനിതാപ്രധാനമന്ത്രിയായി അധികാരത്തിലേറിയ ഇന്ദിരഗാന്ധി സാമ്പത്തികമായി തകര്‍ന്ന രാജ്യത്തെ വിപ്ലവകരമായ നടപടികളിലൂടെ മുന്നോട്ടുനയിച്ചു. നെഹ്റുവിനുശേഷം ഇന്ത്യയെ ഏറ്റവും കൂടുതല്‍ കാലം നയിച്ച ഇന്ദിരയുടെ കീഴില്‍ ഇന്ത്യ സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായി അഭൂതപൂര്‍വമായ വളര്‍ച്ചനേടി. ദാരിദ്ര്യനിര്‍മാജനം ഇന്ദിരയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നായിരുന്നു. വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ ഭക്ഷ്യോല്‍പാദനരംഗത്ത് ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കണമെന്നത് വാശിയും. ബംഗ്ലദേശില്‍നിന്നെത്തിയ ഒരുകോടി അഭയാര്‍ഥികള്‍ക്ക് അഭയംനല്‍കിയ പ്രധാനമന്ത്രി. ബാങ്ക് ദേശസാല്‍ക്കരണം ചരിത്രപരമായ നടപടിയായിരുന്നു. 

നേട്ടങ്ങള്‍ ഏറെ പറയാനുണ്ടെങ്കിലും അധികാരകേന്ദ്രീകരണവും കാര്‍ക്കശ്യവും മുഖമുദ്രയാക്കിയ ഭരണാധികാരിയുടെ ജീവിതത്തിലെ കറുത്ത ഏടായിരുന്നു 1975-77 കാലത്തെ അടിയന്തരാവസ്ഥ. 77ലെ പൊതുതിരഞ്ഞെടുപ്പില്‍ ജനം ഇന്ദിരയ്ക്ക് തിരിച്ചടിനല്‍കി. 1980ല്‍ എതിരാളികളെ തറപറ്റിച്ച് വീണ്ടും അധികാരത്തിലേക്ക്.  അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ച തീവ്രവാദികളെ ഒഴിപ്പിക്കാന്‍ നടത്തിയ ഓപ്പറേഷന്‍ ബ്ളൂസ്റ്റാര്‍ ഇന്ദിരയെ സിക്കുകാരുടെ ശത്രുവാക്കിമാറ്റി. 1984 ഒക്ടോബര്‍ 31ന് സിക്കുകാരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിര മരിച്ചു. ഇന്ദിര ഗാന്ധി ഏറെ വേദനയോടെ സ്വീകരിച്ച നടപടിയായിരുന്നു ഓപ്പറേഷന്‍ ബ്ളൂസ്റ്റാറെന്ന് എ.കെ.ആന്‍റണി പറയുന്നു.