ലൈംഗീകാതിക്രമം ഭയന്ന് പഠനം ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ നിന്ന് മോചനംതേടി ഹരിയാനയിലെ റെവാഡിയിലെ വിദ്യാര്‍ഥിനികള്‍ നടത്തിയ സമരം വിജയംകണ്ടു. ഗ്രാമത്തിലെ സ്ക്കൂള് ഹയര്‍സെക്കണ്ടറി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതടക്കം വിദ്യാര്‍ഥിനികളുടെ ആവശ്യങ്ങള്‍ ഹരിയാന സര്‍ക്കാര്‍ അംഗീകരിച്ചു. വിദ്യാര്‍ഥിനികള്‍ നിരാഹാരസമരം അവസാനിപ്പിച്ചു.
സ്ത്രീപുരുഷാനുപാതത്തിലെ വലിയ അനന്തരവും പെണ്ഭ്രൂണഹത്യയുമെല്ലാം തുടര്‍ക്കഥയായ ഹരിയാനയുടെ മണ്ണില്‍ നിന്ന് പെണ്‍പോരാട്ടത്തിന്റെ വിജയഗാഥ. ഗോണ്ട ഠാപ്പ ഗ്രാമത്തിലെ വിദ്യാര്‍ഥിനികള്‍ എട്ടുദിവസമായി നടത്തിവരുന്ന സമരം ലക്ഷ്യം കണ്ടു. പ്രൈമറി സ്കൂള്‍ മാത്രമുള്ള ഗോണ്ട ഠാപ്പയിലെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് കിലോമീറ്ററുകള്‍ താണ്ടി അയല്‍ഗ്രാമത്തിലേക്ക് പോകണം. അയല്‍ഗ്രാമത്തില്‍ പഠിക്കാന്‍പോയ പെണ്‍കുട്ടി കഴിഞ്ഞമാസം ലൈംഗീകാക്രമണത്തിന് ഇരയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്മക്കളെ സ്കൂളിലയക്കാതായി. 38 പെണ്‍കുട്ടികള്‍ക്ക് പഠനമുപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ പാഠപുസ്തകം എന്നന്നേയ്ക്കുമായി അടച്ച് അടുക്കളയിലെ ഇരുട്ടിലൊതുങ്ങാന്‍ തയ്യാറാകാതിരുന്ന പെണ്മണികള് ഗാന്ധിയന്‍ പോരാട്ടത്തിന്റെ അധ്യായം തുറക്കുകയായിരുന്നു. ഗ്രാമത്തിലെ സ്കൂള്‍ ഹയര്‍സെക്കണ്ടറി നിലവാരത്തിലേക്ക് ഉയര്‍ത്തുക, സ്കൂളിലേക്കുള്ള യാത്രയില്‍ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഹരിയാനസര്‍ക്കാര്‍ ഒടുവില്‍ അംഗീകരിച്ചു.
എണ്‍പതിലധികം വിദ്യാര്‍ഥിനികളായിരുന്നു സമര രംഗത്തുണ്ടായിരുന്നത്. ഇതില്‍ ഇരുപത് വിദ്യാര്‍ഥിനികള്‍ നിരാഹാരമിരുന്നു. ആരോഗ്യനില വഷയാളതിനെത്തുടര്‍ന്ന് പത്തുപേരെ ആശുപത്രിയിലേക്ക് മാറ്റി.