ദുബായ് വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ പൂര്‍വസ്ഥിതിയിലേക്കെത്തുന്നു

ദുബായ് വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ ഇന്നത്തോടെ പൂർവസ്ഥിതിയിലാകുമെന്നാണ് വിലയിരുത്തൽ. വിമാനത്താവളങ്ങളിൽപെട്ട ബാഗേജുകൾ ഉടമസ്ഥരിലെത്തിക്കാൻ ദുബായിൽ പ്രത്യേക കർമസേനയെ നിയോഗിച്ചു. അതേസമയം വെള്ളക്കെട്ട് പൂർണമായി മാറാത്തതിനാൽ ഷാർജയിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

എമിറേറ്റ്സും ഫ്ലൈ ദുബായും ഇന്നലെ തന്നെ സർവീസുകളെല്ലാം പുനരാരംഭിച്ചിരുന്നു. ദുബായിൽ നിന്ന് പുറപ്പെടേണ്ട വിമാനസർവീസുകളെ ബാധിക്കാതിരിക്കാൻ എമിറേറ്റിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഉച്ചയോടെ നീക്കും. എയർ ഇന്ത്യ ഇന്ന് വരെയാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത്  യാത്രക്കാരോട് വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് മാത്രം എത്തിയാൽ മതിയെന്ന് വിമാനത്താവള അധികൃതർ നിർദേശിച്ചു.  വിമാനത്താവളങ്ങളിൽപെട്ട ബാഗേജുകൾ ഉടമസ്ഥരിലെത്തിക്കാൻ ദുബായിൽ പ്രത്യേക കർമസേനയെ നിയോഗിച്ചു. മുപ്പതിനായിരം ബാഗേജുകളാണ് ഇത്തരത്തിലുള്ളത്. അതേസമയം വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലെത്താത്തിനാൽ കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകേണ്ട യാത്രക്കാരും പ്രതിസന്ധിയിലാണ്.  എല്ലാ കമ്പനികളും വിമാന സർവിസ് പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ലെന്ന് സിയാലും അറിയിച്ചു. റദ്ദാക്കലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എയർലൈൻ കമ്പനികൾ യാത്രക്കാരെ അറിയിക്കുന്നുണ്ടെന്നും സിയാൽ വ്യക്തമാക്കി.  അതേസമയം വെള്ളക്കെട്ടിൽ ബ്രേക്ക് ഡൗണായ വാഹനങ്ങളുടെ സർട്ടിഫിക്കറ്റിന് വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ് വഴിയോ അപേക്ഷിക്കാമെന്ന് ദുബായ് പൊലീസ് അറിയിച്ചു. അതിനിടെ ഷാർജയിലേക്കുള്ള വാഹനങ്ങൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. പലയിടങ്ങളിലും പൊലീസ്  ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അവശ്യസർവീസുകളെ മാത്രമാണ് കടത്തിവിടുന്നത്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ ടാങ്കറുകളെത്തിച്ച് വെള്ളക്കെട്ട് നീക്കുന്നത് പുരോഗമിക്കുകയാണ്.

Dubai Airport's operations are back to normal