അടുത്തിരുന്നയാള്‍ക്ക് ചുമ; വിമാനത്തില്‍ പൊരിഞ്ഞ അടി; പാടുപെട്ട് ക്യാബിന്‍ ക്രൂ

പറന്നുപൊങ്ങിയ വിമാനത്തിലെ പൊരിഞ്ഞ അടിയുടെ വിഡിയോ സമൂഹമാധ്യമങ്ങള്‍ വൈറലാകുകയാണ്. തായ്‌വാനില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് പറന്ന വിമാനത്തിലാണ് യാത്രക്കാര്‍ തമ്മില്‍ തല്ലുണ്ടായത്. പതിനൊന്ന് മണിക്കൂറിലേറെയുള്ള വിമാനയാത്രയായിരുന്നു ഇത്. യാത്രക്കാരില്‍ ഒരാള്‍ക്ക് ചുമയുണ്ടായി എന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.

തന്‍റെ അടുത്തിരുന്നയാള്‍ ചുമച്ചതോടെ ഒരു യാത്രക്കാരന്‍ ഒഴിഞ്ഞുകിടന്ന മറ്റൊരു സീറ്റിലേക്ക് കയറിയിരുന്നു. എന്നാല്‍ ആ സീറ്റിലും ആളുണ്ടായിരുന്നു. അയാള്‍ മാറിയ തക്കത്തിനാണ് ഈ സീറ്റ് മാറ്റം നടന്നത്. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. അത് തല്ലിലാണ് കലാശിച്ചത്. ഇരുവരെയും പിടിച്ചുമാറ്റാന്‍ ക്യാബിന്‍ ക്രൂ പാടുപെടുന്നതും വിഡിയോയില്‍ കാണാം.

യാത്രക്കാര്‍ നിലവിളിക്കുകയും തമ്മില്‍തല്ല് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ ഒരാള്‍ ആത്മനിയന്ത്രണം പാലിച്ചു. രണ്ടുപേരെയും മാറ്റിയിരുത്തി. ഇതോടെയാണ് രംഗം കൂടുതല്‍ വഷളാകാതിരുന്നത്. ഇരുവരും തമ്മിലടിക്കുന്നതിനിടയില്‍ ക്യാബിന്‍ ക്രൂവിനും അടി കൊള്ളുന്നുണ്ട്. രണ്ടുപേരെയും സാന്‍ ഫ്രാനിസിസ്കോയിലെത്തിയ പാടെ പൊലീസിനു കൈമാറിയെന്ന് വിമാനക്കമ്പനി അറിയിച്ചു.

ക്യാബിന്‍ ക്രൂവിന്‍റെ ഇടപെടലിനെയാണ് മിക്കവരും പ്രശംസിക്കുന്നത്. അവരെ സമ്മതിച്ചുകൊടുക്കണം എന്ന് ചിലര്‍ കമന്‍റ് ചെയ്തപ്പോള്‍, വിമാനത്തില്‍ ഇത്തരക്കാരെ നേരിടാന്‍ പ്രത്യേകം ആളുകളെ നിയോഗിക്കണം എന്നാണ് ചിലരുടെ അഭിപ്രായം.

Passenger coughed; Co-passenger attempts to steal another seat; Ends in fight.