ദൗത്യം വിജയം; സുൽത്താൻ നെയാദിയും സംഘവും ഭൂമിയില്‍

ആറുമാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം യുഎഇയുടെ സുൽത്താൻ അൽ നെയാദിയും സംഘവും ഭൂമിയിൽ തിരിച്ചെത്തി. ആദ്യമായി ബഹിരാകാശത്ത് നടന്ന അറബ് പൗരൻ എന്നത് ഉൾപ്പെടെ ഒട്ടേറെ റെക്കോർഡുകളും സ്വന്തം പേരിൽ എഴുതി ചേർത്താണ് നെയാദിയുടെ മടക്കം. 

യുഎഇ സമയം എട്ട് പതിനേഴിന് ഫ്ലോറിഡയിലെ ജാക്സൺവില്ല തീരത്തോട് ചേർന്ന് അറ്റ്ലാന്റിക് സമുദ്രത്തിൽ സുൽത്താൻ അൽ നെയാദിയും സംഘവും വന്നിറങ്ങി. ബഹിരാകാശനിലയത്തിൽ നിന്ന് പുറപ്പെട്ട് പതിനേഴ് മണിക്കൂറുകൾക്ക് ശേഷമാണ് നാലംഗ സംഘം നിലംതൊട്ടത്. നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് വൈകിയായിരുന്നു ഇത്. ആറുമാസം നീണ്ട ബഹിരാകാശദൗത്യത്തിന് ശേഷമാണ് ക്രൂ സിക്സ് സംഘം ഭൂമിയിൽ തിരിച്ചെത്തിയത്. 4400 മണിക്കൂറിലേറെ സംഘം ബഹിരാകാശത്ത് ചെലവഴിച്ചു. ഇരുനൂറിലേറെ പരീക്ഷണങ്ങൾ നടത്തി. ഇതിനിടെ ബഹിരാകാശത്ത് നടന്ന് ചരിത്രത്തിന്റെ ഭാഗമായി മാറി സുൽത്താൻ അൽ നെയാദി. എഴ് മണിക്കൂറാണ് നെയാദി ബഹിരാകാശനിലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായ് സ്പേസ് വോക്ക് നടത്തിയത്. ഇത്തരത്തിൽ സ്പേസ് വോക്ക് നടത്തുന്ന ആദ്യ അറബ് പൗരനാണ് അദ്ദേഹം. ഒപ്പം ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച എമറാത്തിയും. ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ നെയാദിയേയും സംഘത്തെയും യുഎഇ ഭരണാധികാരികൾ അഭിനന്ദിച്ചു.  ചരിത്രപരമായ നേട്ടമാണ് കൈവരിച്ചതെന്നും  ശാസ്ത്രത്തിനും മാനവികതയ്ക്കും വലിയ സംഭാവനയാണ് ചെയ്തതെന്നും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയിദ് അൽ നെഹ്യാൻ ട്വിറ്ററിൽ കുറിച്ചു.  

ടെക്സസിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം നെയാദിയും സംഘവും മെഡിക്കൽ പരിശോധനങ്ങൾക്കായി തിരിക്കും.  ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ ഫിസിയോതെറാപ്പിയുൾപ്പെടെയുള്ള വിവിധ ചികിൽസയിലൂടെ സംഘം കടന്നുപോകും. അതിനുശേഷം യുഎഇയിൽ തിരിച്ചെത്തുന്ന നെയാദിയെ കാത്തിരിക്കുന്നത് വന്‍ വരവേൽപ്പാണ്. യുഎഇയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം ബഹിരാകാശനിലയത്തിലെ പരീക്ഷണങ്ങളുടെ തുടർച്ചയ്ക്കായി നെയാദി നാസയിലേക്ക് മടങ്ങും.

UAE Sultan Al Neyadi back on Earth