അനാശാസ്യം: സ്ത്രീകളുടെ അറസ്റ്റ് വിഡിയോ പ്രചരിപ്പിച്ചു; ദുബായിൽ 5 പേർക്ക് തടവ് ശിക്ഷ

പൊലീസിന്റെ അറസ്റ്റ് നടപടികളുടെ വിഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ച കേസിൽ അഞ്ചു പേർക്ക് ഒരു മാസം തടവ്. ശിക്ഷിക്കപ്പെട്ടവരിൽ ഒരാൾ 26 വയസ്സുള്ള പാക്കിസ്ഥാൻ സ്വദേശിയാണ്. ജൂണിൽ നായിഫ് ഏരിയയിലെ ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്ന ഇയാൾ അനാശാസ്യത്തിലേർപ്പെട്ടതായി സംശയിക്കുന്ന ഒരു കൂട്ടം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ടു.

സംഘത്തിന്റെ സുഹൃത്തായ നൈജീരിയൻ യുവതിക്ക് ഹോട്ടലിലെ സുരക്ഷാ ക്യാമറയിൽ നിന്നു അറസ്റ്റിന്റെ ദൃശ്യങ്ങൾ അയാൾ നൽകുകയായിരുന്നു. 32കാരിയായ യുവതി ടാൻസാനിയയിൽ നിന്നും ഉഗാണ്ടയിൽ നിന്നുമുള്ള രണ്ടു വനിതാ സുഹൃത്തുക്കൾക്ക് ക്ലിപ്പ് അയച്ചു, അവർ അത് മറ്റുള്ളവർക്ക് അയച്ചു. ഒടുവിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലാവുകയും ചെയ്തു.

വിഡിയോ ദുബായ് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെ ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. പാക്കിസ്ഥാനി യുവാവിനെ ചോദ്യം ചെയ്തപ്പോൾ, നിരീക്ഷണ ക്യാമറകളിൽ നിന്ന് വിഡിയോ ഡൗൺലോഡ് ചെയ്ത് പ്രതികൾക്ക് അയച്ചതായി സമ്മതിച്ചു. മറ്റു രണ്ടു സ്ത്രീകളുമായി പങ്കിട്ട ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് ക്ലിപ്പ് അയച്ചതായി നൈജീരിയൻ യുവതിയും പൊലീസിനോട് സമ്മതിച്ചു. വാട്ട്‌സ്ആപ്പ് വഴി ക്ലിപ്പ് അയയ്ക്കാൻ യുവാവിന് 10 ദിർഹം നൽകിയതായും യുവതി പറഞ്ഞു

ടാൻസാനിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള കുറ്റാരോപിതരായ മറ്റു രണ്ടു സ്ത്രീകൾ ക്ലിപ്പ് ലഭിച്ചതായി സമ്മതിച്ചെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്ന ആരോപണം നിഷേധിച്ചു. ഇവരടക്കം കേസിലുൾപ്പെട്ട അഞ്ചു പേർക്ക് ദുബായ് ക്രിമിനൽ കോടതി ഒരു മാസം വീതം തടവും തുടർന്ന് നാടുകടത്തലും വിധിച്ചത്.