പുഴപോലെ റോഡുകൾ; അരയ്ക്കു മീതെ ജലം; യുഎഇ ജീവിതം തിരികെ പിടിച്ചത് ഇങ്ങനെ

ദുബായ്: റോഡുകൾ പുഴപോലെ, പലതും തകർന്നു, അരയ്ക്കു മീതെ പൊങ്ങിയ പ്രളയ ജലത്തെ വകവയ്ക്കാതെ രക്ഷാപ്രവർത്തനം, വെള്ളം കയറിയും തകർന്നും വാഹനങ്ങൾ, തലങ്ങും വിലങ്ങും പൊലീസിന്റെയും മറ്റു രക്ഷാപ്രവർത്തകരുടെയും വാഹനങ്ങളും ആംബുലൻസുകളും’– കഴിഞ്ഞ ആഴ്ച യുഎഇയിൽ ഉണ്ടായ പേമാരി എങ്ങനെ ബാധിച്ചുവെന്നും ജനങ്ങളും രക്ഷാപ്രവർത്തകരും എങ്ങനെ നേരിട്ടുവെന്നതിന്റെയും വിശദീകരണമാണിത്.

അപ്രതീക്ഷിതമായി പെയ്ത മഴയുടെ ദുരിതത്തിൽ നിന്നും യുഎഇ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഇതിനിടെയാണ് ശക്തമായ മഴയെ എങ്ങനെയാണ് നേരിട്ടതെന്ന് വ്യക്തമാക്കുന്ന വിഡിയോ യുഎഇ ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ടത്. ‘നിങ്ങൾക്കൊപ്പം, നിങ്ങൾക്കു വേണ്ടി’ എന്ന കുറിപ്പോടെയാണ് മന്ത്രാലയം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രക്ഷാപ്രവർത്തകർ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനോടൊപ്പം അവരുടെ വസ്തുക്കൾക്കും ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കി. ശക്തമായ മഴയിൽ റോഡുകളിൽ വെള്ളം നിറയുകയും പലതും തകരുകയും ചെയ്തു. ഹെലികോപ്റ്ററുകളിലും ചെറിയ ബോട്ടുകളിലുമായി രക്ഷാപ്രവർത്തനം സജീവമായി നടന്നു. അരയ്ക്കു മീതെ ഉയർന്ന പ്രളയ ജലത്തിലൂടെ കുട്ടികളെയും സ്ത്രീകളെയും ഉദ്യോഗസ്ഥർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതും ജനങ്ങളുടെ പ്രിയപ്പെട്ട വളർത്തു പക്ഷികളെയും സുരക്ഷിതമാക്കുന്നതും വിഡിയോയിൽ കാണാം. വലിയ മോട്ടറുകൾ വച്ച് വെള്ളം പമ്പ് ചെയ്ത് കളയുന്നതും മഴ മാറിയ ശേഷം റോഡുകളിൽ അടിഞ്ഞ മണ്ണും നീക്കം ചെയ്യുന്നതും വിഡിയോയിലുണ്ട്.

ഫുജൈറയിലാണ് കനത്ത നാശനഷ്ടമുണ്ടായത്. അഞ്ചു പാക്കിസ്ഥാൻ സ്വദേശികളടക്കം 7 ഏഷ്യക്കാർ മരിക്കുകയും ഒട്ടേറെ വാഹനങ്ങൾ തകരുകയും വെള്ളംകയറി നശിക്കുകയും ചെയ്തിരുന്നു. വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളിൽ നിന്നു രാപകൽ മോട്ടർ ഉപയോഗിച്ചു ചെളിയും വെള്ളവും പമ്പ് ചെയ്തു നീക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്നു തകർന്ന റോഡുകളിൽ 98 ശതമാനവും ഗതാഗത യോഗ്യമാക്കിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു