'ഇന്ത്യയുമായി എന്നും അടുപ്പം സൂക്ഷിച്ച ഭരണാധികാരി': ഒാർമയിൽ ഷെയ്ഖ് ഖലീഫ

ഇന്ത്യയുമായും യുഎഇയിലെ ഇന്ത്യക്കാരുമായും എന്നും അടുപ്പം സൂക്ഷിച്ചിരുന്ന ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. ഇസ്രയേലുമായി യുഎഇ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതും ഷെയ്ഖ് ഖലീഫയുടെ ഭരണകാലത്തായിരുന്നു. യെമൻ ഉൾപ്പെടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജീവകാരുണ്യസഹായമെത്തിക്കുന്നതിനും ഷെയ്ഖ് ഖലീഫ എന്നും മുന്നിലുണ്ടായിരുന്നു.   

അബുദാബി കിരീടാവകാശിയായിരിക്കുമ്പോൾ മുതൽ ഇന്ത്യയുമായി അടുത്തബന്ധം പുലർത്തിയ ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ. 2003 ൽ കിരീടാവകാശിയായിരിക്കെ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമുമായി ഷെയ്ഖ് ഖലീഫ അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. 2010ൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിൻറെ യുഎഇ സന്ദർശനം ഷെയ്ഖ് ഖലീഫയുടെ ക്ഷണപ്രകാരമായിരുന്നു. യുഎഇയിലെ ഏറ്റവും വലിയ പ്രവാസിസമൂഹമായ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി തൊഴിൽ,വീസ നയങ്ങളിൽ പലപ്പോഴായി ഷെയ്ഖ് ഖലീഫ ഇളവുകളും അനുവദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകിയതും ഷെയ്ഖ് ഖലീഫയുടെ കാലത്തായിരുന്നു. 

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻറെ നേതൃത്വത്തിൽ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതും ഷെയ്ഖ് ഖലീഫയുടെ കാലത്തായിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തും. അതേസമയം, യെമൻ ഉൾപ്പെടെ ലോകത്തിൻറെ വിവിധയിടങ്ങളിൽ പ്രകൃതിദുരന്തം, ആഭ്യന്തര കലാപം, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം യുഎഇയുടെ ജീവകാരുണ്യസഹായങ്ങളെത്തിക്കുന്നതിനു ഷെയ്ഖ് ഖലീഫ മുൻകയ്യെടുത്തു. അതേ നയങ്ങളും സമീപനവും വരുംനാളുകളിലുമുണ്ടാകണമെന്നു പിൻതുടർച്ചക്കാരെ ഓർമപ്പെടുത്തിയാണ് ലക്ഷക്കണക്കിനു വിദേശികളുടേയും രണ്ടാം വീടായ യുഎഇയുടെ ഭരണാധിപൻ വിടപറയുന്നത്.