സൗദിയിലേക്ക് അനധികൃതമായി കടന്നാൽ 2 കോടി പിഴ, 15 വർഷം തടവ്

സൗദി അറേബ്യയിലേക്ക് അനധികൃതമായി നുഴഞ്ഞു കയറുന്നവര്‍ക്കും അവരെ സഹായിക്കുന്നവർക്കും എതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ് സൗദി ആഭ്യന്തര മന്ത്രാലയം. ഇനിമുതൽ അനധികൃതമായി സൗദിയിലേക്കു കടക്കാൻ ശ്രമിക്കുന്നവർക്ക് പരമാവധി 15 വർഷം തടവോ അല്ലെങ്കില്‍ 10 ലക്ഷം റിയാലോ (2 കോടിയിലേറെ രൂപ) പിഴ ശിക്ഷയുണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നിയമലംഘകരെ രാജ്യത്തേക്ക് കടക്കാൻ സഹായിക്കുന്നവർക്കും അതുപോലെ തന്നെ വാഹന സൗകര്യം ഏർപ്പെടുത്തുന്നവർക്കും സമാന ശിക്ഷയുണ്ടാകും.

രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം, ഗതാഗതം, അഭയം നൽകൽ എന്നിവ ഉൾപ്പെടെയുള്ളവരെ സഹായിക്കുന്നതായി കണ്ടെത്തിയാൽ, പരമാവധി 15 വർഷം വരെ തടവും ഒരു മില്യൺ റിയാൽ വരെ (260,000 ഡോളർ) പിഴയും അല്ലെങ്കിൽ വാഹനങ്ങൾ കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരുടെ വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടും. നുഴഞ്ഞു കയറ്റക്കാർക്കും അവരെ സഹായിക്കുന്നവർക്കും എതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഓർമപ്പെടുത്തൽ.

വിവിധ കുറ്റകൃത്യങ്ങളിൽപ്പെട്ട 12920 പേരെ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തതായും അറിയിച്ചു. ഇവരിൽ 8171 പേര്‍ താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. നിയമ ലംഘകരെ കുറിച്ച് മക്ക, റിയാദ് മേഖലയിലുള്ളവർ 911 നമ്പറിലും മറ്റു ഭാഗങ്ങളിലുള്ളവർ 999, 996 നമ്പറിലും അറിയിക്കണമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു