53 വിവാഹം ചെയ്തുവെന്ന് സൗദി പൗരൻ; ആദ്യ വിവാഹം 20–ാം വയസിൽ, ഇനിയില്ല!

Representative Image. Photo Credit: Zurijeta/ Shutterstock

റിയാദ്: 53 തവണ വിവാഹിതനായിട്ടുണ്ടെന്ന അവകാശവാദവുമായി സൗദി പൗരൻ. വ്യക്തിപരമായ സന്തോഷത്തിനല്ല, മനസമാധാനത്തിനാണു താൻ പല തവണ വിവാഹിതനായതെന്ന് 63കാരനായ അബു അബ്ദുല്ല പറഞ്ഞു. സൗദി ടെലിവിഷൻ ചാനലായ എംബിസിയോടാണ് അബ്ദുല്ലയുടെ വെളിപ്പെടുത്തൽ.

വീണ്ടും വിവാഹിതനാകണമെന്ന ചിന്തയോടെയല്ല, ആദ്യം കല്യാണം കഴിച്ചത്. എന്നാൽ, കുറച്ചു നാളുകൾക്കു ശേഷം പ്രശ്നങ്ങൾ ഉണ്ടാവുകയും രണ്ടാമതൊരു വിവാഹം കൂടി ചെയ്യുകയുമായിരുന്നു. 20–ാം വയസിലായിരുന്നു ആദ്യവിവാഹം. തന്നെക്കാൾ ആറു വയസ്സു പ്രായക്കൂടുതൽ ഉള്ളയാളായിരുന്നു ഭാര്യ.

23–ാം വയസിലായിരുന്നു രണ്ടാം വിവാഹം. ആദ്യ ഭാര്യയെ അറിയിച്ച ശേഷമാണു രണ്ടാമത് കല്യാണം കഴിച്ചത്. ആ വിവാഹ ജീവിതത്തിലും പ്രശ്നങ്ങൾ ഉടലെടുത്തതോടെ വീണ്ടും വിവാഹം ചെയ്തു. കുറച്ചു നാളുകൾക്കു ശേഷം ഈ മൂന്നു പേരുമായുള്ള ബന്ധം വേർപെടുത്തി. പിന്നീട് 50 സ്ത്രീകളെ കൂടി പല സമയങ്ങളിലായി വിവാഹം ചെയ്തു. തന്നെ സന്തോഷവാനാക്കാൻ കഴിയുന്ന ഒരു സ്ത്രീയെ കണ്ടെത്തുക എന്ന ലക്ഷ്യമാണ് പല വിവാഹത്തിലേക്കു നയിച്ചതെന്നാണ് അബ്ദുല്ല പറയുന്നത്.

ഒറ്റ രാത്രി മാത്രം നീണ്ട ഒരു ബന്ധമായിരുന്നു അബ്ദുല്ലയുടെ ദാമ്പത്യ ജീവിതത്തിൽ ഏറ്റവും ഹ്രസ്വമായത്. ഒരു ഭാര്യ ഉണ്ടാകണമെന്നും ആ ബന്ധത്തിൽ ഉറച്ചു നിൽക്കണമെന്നും ആഗ്രഹിക്കുന്നവരുമാണ് എല്ലാ പുരുഷൻമാരും. എന്നാൽ സാഹചര്യം മൂലം വീണ്ടും വിവാഹിതരാകേണ്ടി വരുന്നതാണ്–അബ്ദുല്ല വ്യക്തമാക്കി.

ഭാര്യമാരിൽ അധികവും സൗദി വംശജർ തന്നെയായിരുന്നു. ബിസിനസ് യാത്രകൾക്കു വിദേശത്തു പോകേണ്ടി വന്ന അവസരങ്ങളിൽ അവിടത്തുകാരായ ചിലരെയും വിവാഹം ചെയ്തു. എന്നാൽ, ഒരു ബന്ധവും ശ്വാശ്വതമായില്ല. നിലവിൽ ഒരു ഭാര്യയാണുള്ളത്. ഇനി ഒരു വിവാഹത്തിനില്ലെന്നും ഇപ്പോഴുള്ള ബന്ധം ജീവിതാവസാനം വരെ തുടരണമെന്നാണ് ആഗ്രഹമെന്നും അബു അബ്ദുല്ല പറഞ്ഞു.