റമസാനു വിശ്വാസികളെ സ്വീകരിക്കാനൊരുങ്ങി മക്കയും മദീയും; 12,000 ജീവനക്കാർ

റമസാൻ അനുഷ്ടാനങ്ങൾക്കായി വിശ്വാസികളെ സ്വീകരിക്കാനൊരുങ്ങി മക്കയും മദീനയും. മക്കയിലെ വിശുദ്ധ ഹറമിൽ രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ഇഫ്താറിനു അനുമതി നൽകി. ഇരുഹറമുകളിലും തീർഥാടകരെ സഹായിക്കുന്നതിനായി 12,000 ജീവനക്കാരെ നിയമിച്ചതായി ഹറം കാര്യമന്ത്രാലയം വ്യക്തമാക്കി. 

രണ്ടു വർഷത്തെ മഹാമാരിയുടെ ഇടവേളയ്ക്കു ശേഷം കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയാണ് മക്കയും മദീനയും ഇത്തവണത്തെ റമസാനു വിശ്വാസികളെ സ്വീകരിക്കാനൊരുങ്ങുന്നത്. ആഴ്ചകൾക്കു മുൻപു തന്നെ ഇരുഹറമുകളിലും നവീകരണപ്രവർത്തനങ്ങളും ഒരുക്കങ്ങളും തുടങ്ങിയിരുന്നു. തീർഥാടകർക്ക് ഏറ്റവും സുരക്ഷിതമായ സൌകര്യങ്ങളൊരുക്കുകയാണ് ലക്ഷ്യമെന്നു ഇരു ഹറം കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. മക്ക, മദീന ഹറമുകളിൽ തീർഥാടകരെ സഹായിക്കുന്നതിനായി 12,000 ജീവനക്കാരെ നിയോഗിച്ചതായി ഇരു ഹറം വകുപ്പ് മേധാവി ഷെയ്ഖ് ഡോ: അബ്ദുറഹ്മാൻ അൽ സുദൈസ് പറഞ്ഞു. വനിതാ തീർഥാടകരെ സഹായിക്കാൻ വനിതാ കേഡർമാരെ സജ്ജമാക്കിയിട്ടുണ്ടെന്നും ഡിജിറ്റൽ സേവനങ്ങളും നിർമിത ബുദ്ധിയും പ്രയോജനപ്പെടുത്തുമെന്നും സുദൈസ് വ്യക്തമാക്കി. മക്കയിൽ ഇത്തവണ ഇഫ്താർ വിരുന്നുകളുമുണ്ടാകും. രണ്ടായിരം വിതരണക്കാർക്കു ലൈസൻസ് നൽകിയിട്ടുണ്ട്. പ്രാർഥനയ്ക്കെത്തുന്ന തീർഥാടകർക്ക് സഹായകരമായിരിക്കുമെന്നാണ് പ്രതീക്ഷ. മാസ്ക് ധരിക്കുന്നതൊഴികെ മറ്റു കോവിഡ് നിയന്ത്രണങ്ങളൊന്നും തീർഥാടനനഗരങ്ങളിലുണ്ടായിരിക്കില്ലെന്നു മന്ത്രാലയം വ്യക്തമാക്കിയിരുന്നു.