ആർ.ടി.എ നാലുവരി പാലം തുറന്നു; മണിക്കൂറിൽ 16,000 വാഹനങ്ങൾക്കു കടന്നുപോകാം

ദുബായിൽ അൽ മനാമ, അൽ മൈദാൻ റോഡുകളെ ബന്ധിപ്പിച്ച് ആർ.ടി.എ നാലുവരി പാലം തുറന്നു. ദുബായ്, അൽഐൻ റോഡുവികസനത്തിൻറെ ഭാഗമായാണ് 328 മീറ്റർ നീളമുള്ള പാലം നിർമിച്ചത്. അതേസമയം, എക്സ്പോയുമായി ബന്ധപ്പെട്ട ഗതാഗത സുരക്ഷയ്ക്കായി 10,000 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആർ.ടി.എ വ്യക്തമാക്കി.

അൽ മനാമ , അൽ മൈദാൻ റോഡുകളെ ബന്ധിപ്പിച്ച് നിർമിച്ച പുതിയ പാലത്തിലൂടെ മണിക്കൂറിൽ 16,000 വാഹനങ്ങൾക്കു കടന്നുപോകാനാകും. നാലുവരി പാലം തുറന്നതോടെ ഇതുവഴിയുള്ള യാത്രയുടെ സമയവും കുറയും. പാലം പൂർത്തിയായതോടെ ദുബായ്, അലൈൻ റോഡ് നവീകരണത്തിന്റെ 85% ജോലികളും പൂർത്തിയായതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു.15ലക്ഷത്തോളം പേർക്ക് പ്രയോജനം ചെയ്യുന്നതാണ് റോഡ് വികസനം. പദ്ധതിയുടെ ഭാഗമായി ആറുപാലംകൂടി നിർമിക്കും. റാസ് അൽഖോർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാത പൂർത്തിയാകുന്നതോടെ ഗതാഗതം കൂടുതൽ സുഗമമാകുമെന്നു അധികൃതർ വ്യക്തമാക്കി. അതേസമയം, എക്സ്പോ വേദിയുമായി ബന്ധപ്പെട്ട ഗതാഗത സുരക്ഷയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ ആർ.ടി.എ വെളിപ്പെടുത്തി. ദുബായ് ഇൻറലിജൻറ് ട്രാഫിക് സിസ്റ്റംസ് സെൻറർ, റെയിൽ ഓപ്പറേഷൻസ് കൺട്രോൾ സെൻറർ തുടങ്ങി ഏഴു കേന്ദ്രങ്ങളിലൂടെയാണ് നിരീക്ഷണം. 1700 ബസുകൾ, പതിനായിരം ടാക്സികൾ, 54 മെട്രോ സ്റ്റേഷനുകൾ, 11 ട്രാം സ്റ്റേഷനുകൾ എന്നിവയെല്ലാം ഇതുവഴിയാണു നിരീക്ഷിച്ച് നിയന്ത്രിക്കുന്നത്. പതിനായിരം ക്യാമറകൾ, റഡാർ സംവിധാനങ്ങൾ എന്നിവയിലൂടെ ഓരോ വാഹനചലനവും ആർടിഎ നിരീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി.