2024 ഓടെ 35 ശതമാനം സ്വദേശിവൽക്കരണം; പ്രവാസികള്‍ക്ക് തിരിച്ചടി

ഒമാനിൽ 2024 ഓടെ 35 ശതമാനം സ്വദേശിവൽക്കരണം ഉറപ്പാക്കുമെന്ന് തൊഴിൽ മന്ത്രാലയം. ഈ വർഷം ആദ്യ ഏഴു മാസത്തിനിടെ 3,000 വിദേശികളെ സർക്കാർ മേഖലയിൽ നിന്നും ഒഴിവാക്കിയതായാണ് റിപ്പോർട്ട്. മലയാളികളടക്കം പ്രവാസികൾക്ക് തിരിച്ചടിയാണ് തീരുമാനം. 

ഒമാനിലെ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ മന്ത്രാലയം സ്വദേശിവൽക്കരണം ശക്തമാക്കുന്നത്. പൊതു, സ്വകാര്യ മേഖലകളിൽ 2024 ഓടെ 35 ശതമാനം സ്വദേശിവൽക്കരണത്തിനാണ് നീക്കം. ഭരണനിർവഹണ കാര്യാലയങ്ങളിൽ ആയിരത്തിലേറെ സ്വദേശികളെ ഉടൻ നിയമിക്കും. ഇതിനായി പ്രത്യേകം പരിശീലനപദ്ധതികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യമേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള ബാദിർ ക്യാംപെയ്ൻറെ ആദ്യ ഘട്ടമായി 228 സ്വദേശികളെ ആരോഗ്യമേഖലയിൽ നിയമിച്ചു. 185 നഴ്സുമാർക്കും 43 ഡെൻറിസ്റ്റുകൾക്കുമായിരുന്നു നിയമനം. 600 സ്വദേശി നഴ്സുമാരെ പൊതുമേഖലയിലും നിയമിച്ചിട്ടുണ്ട്. 

ആരോഗ്യമന്ത്രാലയത്തിൻറെ ലൈസൻസ് നേടി സർക്കാർ ആശുപത്രികളിൽ മൂന്നു മാസം പരിശീലനം പൂർത്തിയാക്കിയശേഷമാണ് സ്വദേശികളെ സ്വകാര്യ ആരോഗ്യമേഖലയിൽ നിയമിക്കുന്നത്. ഓട്ടോമൊബീൽ, നിർമാണം, ഹോട്ടൽ വ്യവസായം തുടങ്ങിയ മേഖലകളിലും സ്വദേശിവൽക്കരണം വർധിച്ചതായാണ് റിപ്പോർട്ട്. സ്വകാര്യഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, ധനവിനിമയ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലെ വിവിധ തസ്തികകളിൽ സ്വദേശിവൽക്കരണം നടപ്പാക്കിയിട്ടുണ്ട്.  ഫിനാന്‍സ്, അക്കൗണ്ടിങ്, മാനേജ്‌മെന്റ്, ഡ്രൈവര്‍ തസ്തികൾ ജനുവരിമുതൽ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതും പ്രവാസികൾക്ക് തിരിച്ചടിയാണ്.