മണിക്കൂറിൽ 45 കി.മീ. വേഗം; റോപ്‌വേയിൽ കുതിക്കാൻ ദുബായ്; വൻപദ്ധതി

റോപ് വേ പദ്ധതിയുമായി ഗതാഗതമേഖലയിൽ മറ്റൊരു കുതിപ്പിന് ദുബായ്. ഇതുസംബന്ധിച്ച കരാറിൽ ഫ്രഞ്ച് കമ്പനിയായ എംഎൻഡിയുമായി ആർടിഎ ഒപ്പുവച്ചു. എംഎൻഡി ചീഫ് എക്സിക്യൂട്ടീവ് സേവ്യർ ഗാലറ്റ് ലാവല്ലെ, റെയിൽ ഏജൻസി സിഇഒ: അബ്ദുൽ െമാഹ്സിൻ ഇബ്രാഹിം യൂനസ് എന്നിവരാണ് ഒപ്പുവച്ചത്.

ഉരുക്കുവടത്തിലൂടെ സഞ്ചരിക്കുന്ന ഡ്രൈവറില്ലാ പോഡുകൾക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗമുണ്ടാകും. ദുബായ് മെട്രോയ്ക്കും ഡ്രൈവറില്ല. ദുബായിലെ സാഹചര്യങ്ങൾക്കു യോജിച്ചവിധമാകും രൂപകൽപന. നൂതന സാങ്കേതികവിദ്യയോടു കൂടിയ കാബ് ലൈൻ സംവിധാമൊരുക്കാനാണു പദ്ധതിയെന്ന് സേവ്യർ ഗാലറ്റ് ലാവല്ലെ വ്യക്തമാക്കി.

ഷാർജയിൽ സ്കൈ പോഡ് പദ്ധതിയും പുരോഗമിക്കുകയാണ്. മരുഭൂമിയിലെ സാഹചര്യങ്ങളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന സ്കൈ പോഡിന്റെ പ്രാഥമിക പരീക്ഷണ ഘട്ടങ്ങൾ വിജയമായിരുന്നു.