ഇന്ത്യ–യുഎഇ സർവീസ്; ഔദ്യോഗിക അറിയിപ്പില്ല, ടിക്കറ്റ് വിൽപന തകൃതി; വൻ നിരക്ക്

അബുദാബി: ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ലെങ്കിലും ടിക്കറ്റ് വിൽപന തകൃതി. ഈ മാസം 16 മുതൽ പല വിമാനങ്ങളിലും ഇക്കണോമി ക്ലാസ് ടിക്കറ്റ് കിട്ടാനില്ല. ഫസ്റ്റ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കാകട്ടെ വൻ നിരക്കും.

എമിറേറ്റ്സ് എയർലൈനിൽ വൺവേയ്ക്കു 6664 ദിർഹം (1,32,304 രൂപ) മുതലാണ് നിരക്ക് ആരംഭിക്കുന്നത്. ബജറ്റ് എയർലൈനായ ഫ്ളൈ ദുബായിക്കും പതിവിനെക്കാൾ കൂടിയ നിരക്ക് 1645 ദിർഹം (33,892) ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്പൈസ് ജെറ്റിന് കൊച്ചിയിൽനിന്ന് ദുബായിലേക്ക് 2,817 ദിർഹമും (57,154 രൂപ)  ഗൊ എയറിന് 1,487ഉം (30,169 രൂപ) എയർ ഇന്ത്യാ എക്സ്പ്രസിന് 1,044 ദിർഹമുമാണ് (21,181 രൂപ) നിരക്ക്.

ദുബായിലേക്കു അടുത്ത വാരം മുതൽ സർവീസ് തുടങ്ങിയേക്കുമെന്ന അഭ്യൂഹമാണ് ടിക്കറ്റ് വിൽപന തകൃതിയാകാൻ കാരണമെന്നാണ് സൂചന. ഇതേസമയം ഡിമാൻഡ് വർധിച്ചതോടെ ചില എയർലൈനുകൾ ഓൺലൈനിൽ ടിക്കറ്റ് മരവിപ്പിച്ച് വില കൂട്ടുന്നതായും സൂചനയുണ്ട്. നിയമം കൂടുതൽ കർശനമായ അബുദാബിയിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിന് അത്ര തിരക്കില്ല.  

പ്രതീക്ഷ വാനോളം

ഇന്ത്യയിൽ കോവിഡ് തീവ്രത കുറയുകയും കുത്തിവയ്പ് ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വാക്സീൻ എടുത്തവർക്ക് യാത്ര ചെയ്യാൻ അവസരമൊരുക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ സംഘം യുഎഇ മന്ത്രിയെ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു. എക്സ്പോ വിളിപ്പാടകലെ എത്തിയതോടെ യാത്രാ വിലക്ക് ഇനിയും നീളില്ലെന്ന പ്രതീക്ഷയുമുണ്ട്. ഇരുരാജ്യങ്ങളിലെയും കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി അതതു രാജ്യമാണ് യാത്രാ വിലക്ക് പിൻവലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. ഈ അനുമതി ലഭിച്ചാൽ മാത്രമേ എയർലൈനുകൾക്ക് സേവനം പുനരാരംഭിക്കാനാകൂ. കോവി‍ഡ് പശ്ചാത്തലത്തിൽ എയർബബ്ൾ കരാർ പ്രകാരമായിരുന്നു ഇന്ത്യ–യുഎഇ സെക്ടറിൽ സർവീസ് നടത്തിയിരുന്നത്. എന്നാൽ കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിൽ ശക്തമായതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ ഇന്ത്യയിൽനിന്നുള്ള യാത്രയ്ക്കു യുഎഇ വിലക്കേർപ്പെടുത്തുകയായിരുന്നു. പിന്നീട് പല തവണയായി നീട്ടുകയും ഒടുവിൽ അനിശ്ചിത കാലത്തേക്കു വിലക്കേർപ്പെടുത്തുകയും ചെയ്തു.

ഇപ്പോൾ ടിക്കറ്റെടുക്കണോ?

വിമാന സർവീസ് തുടങ്ങുന്നതു സംബന്ധിച്ച് നേരത്തെ വിവിധ എയർലൈനുകളുടെ അറിയിപ്പിനെ തുടർന്ന് പലരും ടിക്കറ്റെടുത്തെങ്കിലും യാത്ര സാധ്യമായിരുന്നില്ല. പിന്നീട് ഈ ടിക്കറ്റുകൾ മറ്റൊരു തീയതിയിലേക്കു മാറ്റി നൽകാമെന്ന് എയർലൈൻ അറിയിക്കുകയായിരുന്നു. ഇങ്ങനെ കുടുങ്ങിയ പലരും ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചു വാങ്ങുകയോ തീയതി മാറ്റുകയോ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഔദ്യോഗിക അറിയിപ്പു വന്നതിനുശേഷം ടിക്കറ്റ് എടുത്താൽ മതി എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ നിർദേശം.