ജീവനക്കാരുടെ അമ്മമാർക്ക് മാസം 5000 രൂപ; സാന്ത്വനമായി യുഎഇയിലെ മലയാളി വ്യവസായി

തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ അമ്മമാരെ നെഞ്ചോടു ചേർത്ത് യുഎഇയിലെ മലയാളി വ്യവസായി. അമ്മമാർക്ക് പ്രതിമാസം 5000 രൂപ സമ്മാനമായി അയച്ചുകൊടുക്കാനാണ് സ്മാർട് ട്രാവൽസ് മാനേജിങ് ഡയറക്ടർ കണ്ണൂർ പയ്യന്നൂർ സ്വദേശി അഫി അഹമദ് തീരുമാനിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ മൂന്നു ശാഖകളിൽ ജോലി ചെയ്യുന്ന 22 പേരുടെ അമ്മമാർ ഇൗ മാസം മുതൽ പദ്ധതിയുടെ ഗുണഭോക്താക്കളാകും. എല്ലാ മാസവും 10–ാം തിയതി ശമ്പളം നൽകുന്നതോടൊപ്പം അമ്മമാർക്കുള്ള പണവും അയച്ചുകൊടുക്കും. കോവിഡ്19 ദുരിത കാലത്ത് അമ്മമാര്‍ക്ക് ഒരു കൈത്താങ്ങായാണ് താനിതിനെ കാണുന്നതെന്ന് അഫി പറയുന്നു.

ഒരു ഫോൺവിളിയിൽ ഉണ്ടായ ചിന്ത

കഴിഞ്ഞ ദിവസം നാട്ടിൽ നിന്നൊരാൾ അഫി അഹമദിനെ ഫോൺ വിളിച്ച് ഒരു കാര്യം പറഞ്ഞതോടെയാണ് അമ്മമാര്‍ക്ക് സാന്ത്വനം പകരാനുള്ള പദ്ധതിയെക്കുറിച്ച് ചിന്തിച്ചത്. യുഎഇയിലുള്ള ഒരു യുവാവ് കുറേ മാസങ്ങളായി നാട്ടിലുള്ള അമ്മയ്ക്ക് ചെലവിന് പണം അയക്കുന്നില്ലെന്നും ഒന്നു ഉപദേശിക്കണമെന്നുമായിരുന്നു ആവശ്യം. 

അഫി ആ യുവാവിനെ കണ്ടെത്തി കാര്യം ആരാഞ്ഞപ്പോൾ, ശമ്പളം തന്റെ ആവശ്യങ്ങൾക്ക് തികയാത്തതിനാലാണ് അയക്കാൻ പറ്റാത്തതെന്നായിരുന്നു മറുപടി. പക്ഷേ, പിന്നീട് ആ യുവാവിന്റെ സമൂഹമാധ്യമങ്ങളിലെ പേജുകൾ സന്ദർശിച്ചപ്പോൾ കണ്ട ഒരു ഫോട്ടോയിൽ നിന്ന് കാര്യം മനസിലായി. പ്രമുഖ ഹോട്ടലിൽ മുറിയെടുത്ത് അവധിദിനം ആഘോഷിക്കുന്നതായിരുന്നു പടം. ആ ആഘോഷം ഒഴിവാക്കിയിരുന്നെങ്കിൽ മാത്രം ആ യുവാവിന് അമ്മയ്ക്ക് നിത്യച്ചെലവിനുള്ളതെങ്കിലും അയക്കാമായിരുന്നു.

ഇതേ തുടർന്ന് അഫി തന്റെ ജീവനക്കാരോട് ചോദിച്ചു, എല്ലാ മാസവും കൃത്യമായി അമ്മയ്ക്ക് പണം അയക്കുന്നവർ എത്ര പേരുണ്ട് എന്ന്. കുറേ പേർക്ക് കൃത്യമായി പണമയക്കാൻ സാധിച്ചിരുന്നില്ല. അതിന് ശേഷം ആലോചിച്ചെടുത്ത തീരുമാനമാണ് ‘കെയർ ഫോർ യുവർ മം’ എന്ന പദ്ധതി. കോവിഡ് കാലമായതിനാൽ ബിസിനസ് കുറവാണെങ്കിലും കെയർ ഫോർ യുവർ മം ഒരിക്കലും നഷ്ടമായി കാണില്ല. മാത്രമല്ല, അത് ലാഭമായാണ് കരുതുന്നത്. 22 അമ്മമാരെ കൂടി തനിക്ക് കിട്ടിയിരിക്കുന്നു. അവരുടെ സ്നേഹവും പ്രാർഥനകളും എത്ര വിലകൊടുത്താലും കിട്ടാത്തതാണെന്ന തിരിച്ചറിവ് സന്തോഷം പകരുന്നു. തനിക്കുള്ളതിൽ നിന്ന് ആ അമ്മമാർക്ക് നൽകേണ്ടത് ഒരു മകനെന്ന നിലയ്ക്കും ഒരു മനുഷ്യനെന്ന നിലയ്ക്കും തന്റെ കടമയാണെന്ന് അഫി പറയുന്നു.

പദ്ധതി ജീവനക്കാരുമായി പങ്കുവച്ചപ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. പലരും ഉടൻ തന്നെ നാട്ടിലേയ്ക്ക് വിളിച്ച് അമ്മമാരോട് വിവരം പറഞ്ഞപ്പോൾ അവരുടെ സന്തോഷവും വിവരണാതീതമായിരുന്നു. അമ്മ ജീവിച്ചിരിപ്പില്ലാത്തവരുടെ അച്ഛനാണ് പണമയക്കുക. ഒരു ജീവനക്കാരി തന്റെ മുത്തശ്ശനും മുത്തശ്ശിക്കും ആ പണം നൽകണമെന്ന് ആവശ്യപ്പെട്ടു. നാട്ടിലേയ്ക്ക് പണം അയക്കുമ്പോൾ തന്റെ ശമ്പളത്തിൽ നിന്ന് കൂടി ചേർത്തയക്കാൻ ചില ജീവനക്കാർ അഫിയോട് ആവശ്യപ്പെട്ടതും ഇൗ പദ്ധതിയുടെ വിജയമാണ്. 

കോവിഡ് ആദ്യ ഘട്ടത്തിൽ നാല് മാസത്തോളം കമ്പനി നിശ്ചലമായപ്പോൾ ശമ്പളത്തിൽ നിന്ന് ചെറിയൊരു ശതമാനം തുക കുറച്ചിരുന്നെങ്കിലും അടുത്തിടെ അത് പുനഃസ്ഥാപിച്ചു. ഇപ്പോൾ മുഴുവൻ ശമ്പളം കൂടാതെയാണ് ഒരാൾക്ക് ഏകദേശം 250 ദിർഹത്തോളം അധികം ചെലവഴിക്കുന്നത്. വാർഷിക വിമാന ടിക്കറ്റ്, അവധിക്കാല ശമ്പളം എന്നിവയടക്കം യുഎഇ നിയമം അനുശാസിക്കുന്ന മാർഗനിർദേശങ്ങളെല്ലാം താനനുസരിക്കാറുണ്ടെന്ന് അഫി പറയുന്നു. 2015ലാണ് അഫി സ്മാർട് ട്രാവൽസ് സ്ഥാപിച്ചത്. ട്രാവൽ, വീസാ സംബന്ധമായ കാര്യങ്ങളും പുതിയ നിയമങ്ങളും നിത്യേന വിഡിയോയിലൂടെ പുറം ലോകത്തെ അറിയിക്കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു.

അമ്മമാർക്കുള്ള ഏറ്റവും വലിയ സമ്മാനം

എന്നെ വളർത്തി, വിദ്യാഭ്യാസം നൽകി ഒരു ജോലി കിട്ടാൻ പ്രാപ്തയാക്കിയ അമ്മയ്ക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് സ്മാർട് ട്രാവൽസ് ജീവനക്കാരി കണ്ണൂർ സ്വദേശി സാറ ലോവിസ് പറഞ്ഞു. സാറ ഭർത്താവിനോടൊപ്പമാണ് ഇവിടെ താമസിക്കുന്നത്. അമ്മ യുഎഇയിൽ തന്നെ അധ്യാപിക. നാട്ടിലുള്ള അച്ഛനും തന്റെ മൂന്നു സഹോദരങ്ങളുടെ പഠന ചെലവിനും അമ്മയായിരുന്നു പണം അയച്ചിരുന്നത്. അതുകൊണ്ട് തനിക്കുള്ളത് അമ്മയ്ക്ക് ഇവിടെ തന്നെ നൽകുമെന്ന് സാറ പറഞ്ഞു.

പയ്യന്നൂർ സ്വദേശി റയീസ ഹക്കീമിന് നാട്ടിൽ ഉമ്മയും ബാപ്പയും സഹോദരങ്ങളുമുണ്ട്. എല്ലാ മാസവും താൻ കൃത്യമായി പണം അയക്കാറുണ്ടെങ്കിലും കമ്പനി നൽകുന്ന ഇൗ തുക അവർ വലിയ സഹായകമാകുമെന്ന് റയീസ പറഞ്ഞു. 12 വർഷമായി മുംബൈ സ്വദേശി മാലിക് അബ്ദുല്ലയ്ക്കും പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്. ഇതിന് മുൻപും മറ്റു ചില കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു.