ദുബായ് സൈക്കിൾ സൗഹൃദ നഗരമാകും; പഞ്ചവൽസര പദ്ധതിക്ക് അംഗീകാരം

ദുബായ് എമിറേറ്റിനെ സൈക്കിൾ സൗഹൃദ നഗരമാക്കാനുള്ള പദ്ധതിയുമായി ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ. 40 കോടി ദിർഹത്തിൻറെ പഞ്ചവൽസര പദ്ധതിക്ക് കൗൺസിൽ അംഗീകാരം നൽകി. ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് 18 കർമപരിപാടികളാണ് പദ്ധതിയിലുള്ളത്.

ഹൈവേകൾക്ക് സമാന്തരമായി സൈക്കിൾ ട്രാക്കുകളുടെ വിപുല ശൃംഖലയടക്കമുള്ള 18 കർമപരിപാടികളാണ് അഞ്ചുവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്ന ഹൈടെക് ട്രാക്കുകൾ, സുരക്ഷിത യാത്ര, സൈക്കിളുകൾക്കു പ്രത്യേക നിയമാവലി തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള 425 കിലോമീറ്റർ സൈക്കിൾ ട്രാക്ക് 2025 ആകുമ്പോഴേക്കും 668 കിലോമീറ്ററാക്കും. ആരോഗ്യശീലങ്ങൾ വളർത്തുന്നതിനൊപ്പം കാർബൺ മലിനീകരണം ഇല്ലാതാക്കി ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വ്യക്തമാക്കി. സൈക്കിൾ സൗഹൃദ നഗരമാക്കാനുള്ള നടപടികൾ ഏകോപിപ്പിക്കാൻ കർമസമിതി രൂപീകരിക്കും. 

സ്പോർട്സ് സൈക്കിൾ, കാർഗോ സൈക്കിൾ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കും. സൈക്കിളുകൾ വാടകയ്ക്കെടുക്കാവുന്ന സംവിധാനം കൂടുതൽ വിപുലമാക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെൽമറ്റ്, റിഫ്ലക്റ്റീവ് ജാക്കറ്റ് എന്നിവ നിർബന്ധമാക്കിയതടക്കം മാനദണ്ഡങ്ങളും നിർണയിച്ചിട്ടുണ്ട്. സൈക്കിൾ സാവാരി ജീവിതശൈലിയാക്കാനുള്ള ഇന്നവേഷൻ ലാബിന് ജുമൈറ സൈക്കിൾ ഹബിൽ നേരത്തേ രൂപം നൽകിയിരുന്നു.