യുഎഇയുടെ രണ്ടാം ബഹിരാകാശ ദൗത്യത്തിന് 2 പേർ; ആദ്യ അറബ് വനിതയായി നോറ

യുഎഇയുടെ രണ്ടാം ബഹിരാകാശ ദൗത്യത്തിനായി ഒരു വനിത അടക്കം രണ്ടുപേരെ തിരഞ്ഞെടുത്തു. നോറ അൽ മത്രൂഷിയാണ് അറബ് ലോകത്തുനിന്നുള്ള ആദ്യവനിതാ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങുന്നത്. രാജ്യത്തിൻറെ രണ്ടാമത്തെ ബഹിരാകാശദൗത്യം ഈ വർഷമുണ്ടാകുമെന്നാണ് പ്രതീക്ഷ..

2019 സെപ്റ്റംബർ 25നായിരുന്നു അറബ് മേഖലയുടെ സ്വപ്നസാഫല്യമായി യുഎഇയുടെ പ്രഥമ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരി ബഹിരാകാശയാത്ര നടത്തിയത്. രണ്ടാം ദൌത്യത്തിനൊരുങ്ങുന്നവരുടെ പേരുകൾ യുഎഇ വൈസ് പ്രസി‍ഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ദുബായിലെ നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷനില്‍ എഞ്ചിനീയറായ 28കാരി  നോറ അൽ മത്രൂഷിയാണ് ബഹിരാകാശയാത്രക്കൊരുങ്ങുന്ന ആദ്യഅറബ് വനിത. 32കാരനായ മുഹമ്മദ് അൽ മുല്ലയാണു പുതുതായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ യാത്രികൻ.

4,305 ൽ അപേക്ഷകരിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്.  ഇതിൽ 1,400 ഓളംവനിതകളുമുണ്ടായിരുന്നു. നാസ ബഹിരാകാശയാത്രാ പദ്ധതിയുടെ ഭാഗമായുള്ള പരിശീലനം ഉടൻ ആരംഭിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. യുഎഇയുടെ നാമം ആകാശത്തോളം ഉയർത്താൻ ഇവർക്ക് സാധിക്കട്ടെ എന്ന് ഭരണാധികാരി ആശംസിച്ചു. ഈ വർഷം തന്നെ ദൌത്യം പ്രാവർത്തികമാക്കുമെന്നാണ് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ ബഹിരാകാശ ദൌത്യത്തിൻറെ അധ്യക്ഷൻ സാലേം അൽ മറി പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് ഗവേഷണകേന്ദ്രത്തിലെ 42 ശതമാനം  ജീവനക്കാരും വനിതകളാണ്.