അബുദാബി, അൽഐൻ വീസക്കാർക്ക് ഐസിഎ അനുമതി നിർബന്ധം: മുന്നറിയിപ്പ്

അബുദാബി, അൽഐൻ വീസക്കാർക്ക് യുഎഇയിലെ ഏത് വിമാനത്താവളം വഴി വന്നാലും ഐ.സി.എ അനുമതി നിർബന്ധമാണെന്ന് അധികൃതർ. ഐ.സി.എ ഗ്രീൻ സിഗ്നലില്ലാതെ കഴിഞ്ഞ ദിവസം ദുബായിലെത്തിയ മലയാളികളടക്കമുള്ള വിദേശികൾക്കു മടങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. 

അബുദാബി, അൽഐൻ വീസക്കാർക്ക് മാത്രമാണ് യുഎഇയിലേക്ക് വരുന്നതിന് ഐ.സി.എ അനുമതി ആവശ്യമുള്ളത്. ദുബായ്, ഷാർജ അടക്കം ഏതുവിമാനത്താവളങ്ങളിൽ ഇറങ്ങിയാലും അബുദാബി, അൽഐൻ വീസക്കാർ ഐ.സി.എ അനുമതി നേടിയിരിക്കണം. ഇത് പാലിക്കാത്തവരെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കുമെന്നാണ് മുന്നറിയിപ്പ്. ഐസിഎ അനുമതിയില്ലാതെ വന്നു മടങ്ങിയവരുടെ എണ്ണം കൂടുന്നതിനാലാണ് വീണ്ടും അധികൃതരുടെ ഓർമപ്പെടുത്തൽ. അബുദാബിയിലെ നിയമം അനുസരിച്ച് 10 ദിവസം ക്വാറൻറീനും നിർബന്ധമാണ്. ദുബായിൽ ക്വാറന്റീൻ കാലയളവ് പൂർത്തിയാക്കി അബുദാബിയിലേക്കു വരുന്നതിനു തടസ്സമില്ല. കോവിഡ് മാനദണ്ഡം കർശനമായതിനാൽ അബുദാബി എമിറേറ്റിൽ ജോലി ചെയ്യുന്നവർക്കു നാട്ടിൽ പോയി മടങ്ങിയെത്താൻ വിദേശകാര്യമന്ത്രാലയത്തിൻറെ ഗ്രീൻ സിഗ്നൽ ലഭിക്കണം.

uaeentry.ica.gov.ae വെബ്സൈറ്റിലോ ഐസിഎ യുഎഇ ആപ്പിലോ അപേക്ഷിനൽകി അനുമതിനേടാം. എമിറേറ്റ്സ് ഐഡി നമ്പർ, ഫോൺ നമ്പർ, ഇമെയിൽ എന്നിവ രേഖപ്പെടുത്തണം. അതേസമയം, അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് ഫലവും നിർബന്ധമാണ്.