മരുഭൂമിയിൽ ഇരമ്പലായി അനിലിന്റെ ഓർമകൾ

മരുഭൂമിയിലൂടെ കാറോടിക്കുന്നത് ഹരമാക്കിയ പ്രിയ കൂട്ടുകാരന്റെ ഓർമയിൽ അവർ മരുഭൂമിയിൽ കാറുകളുമായി ഒത്തുകൂടി. മരിക്കുന്നതിന് തലേദിവസവും തങ്ങൾക്കൊപ്പം മത്സരത്തിൽ പങ്കെടുത്തു പോയ സുഹൃത്തിന്റെ ഓർമയിൽ അവർ ഒത്തു ചേർന്നപ്പോൾ മഞ്ഞിൻ പുതപ്പണിഞ്ഞ് പ്രകൃതിയും സാന്ദ്രനിമിഷങ്ങൾക്ക് സാക്ഷിയായി. 4X4 നേഷൻസ് (ഫോർ ഇന്റു ഫോർ) എന്ന സംഘടനയാണ് സജീവ അംഗമായിരുന്ന അനിൽ നൈനാന്റെ ഒന്നാം ചരമവാർഷികം വേറിട്ട രീതിയിൽ നടത്തിയത്.

കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഉമ്മൽഖുവൈനിലെ വില്ലയിൽ ഉണ്ടായ തീപിടിത്തത്തിൽ ഭാര്യ നീനുവിനെയും നാലുവയസ്സുള്ള മകനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗുരുതരമായി പൊള്ളലേറ്റ് അനിൽ മരിച്ചത്. ഒൻപതിനായിരുന്നു അപകടം. വൈഫൈ റൂട്ടറിൽ നിന്ന് തീപിടിച്ചതാണെന്ന് കരുതുന്നു. തന്റെ എക്സ്ടെറാ കാറിൽ ഓഫ്റോഡ് ഡ്രൈവിങിന് കൂട്ടുകാർക്കൊപ്പം എപ്പോഴും  എത്തിയിരുന്ന അനിൽ അപകടത്തിന്റെ തലേദിവസവും സംഘടന നടത്തിയ ജിപിഎസ് ചാലഞ്ചിൽ പങ്കെടുത്തിരുന്നു. ലോജിസ്റ്റിക്സ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു അനിൽ.

കഴിഞ്ഞദിവസം രാവിലെ നീനുവിനും മകനുമൊപ്പം നൂറോളം കാറുകളിൽ ഷാർജ മദാം മരുഭൂമിയിലാണ് കൂട്ടുകാർ ഓഫ് റോഡ് ഡ്രൈവ് നടത്തി ഒത്തുചേർന്നത്. അനിലിന്റെ പ്രിയ എക്സ് ടെറാ കാറും ഒപ്പം ചേർത്തു. ഏറ്റവും സജീവമായിരുന്ന അംഗത്തെയാണ് നഷ്ടമായതെന്ന്  സുഹൃത്ത് ഷാബു പറഞ്ഞു. മകന് സമ്മാനവും നൽകിയാണ് സുഹൃത് സംഘം മടങ്ങിയത്.