എക്സലേറ്ററിൽനിന്ന് വീണ് കുഞ്ഞ്; 1.48 കോടി രൂപ നഷ്ടപരിഹാരം

ഷോപ്പിങ് മാളിന്റെ രണ്ടാം നിലയിലെ എസ്കലേറ്ററിൽ നിന്നു വീണു ഗുരുതരമായി പരുക്കേറ്റ 5 വയസ്സുകാരന്റെ കുടുംബത്തിന് 1.48 കോടി രൂപ നഷ്ടപരിഹാരം നൽകാൻ അൽഐൻ സിവിൽ കോടതി ഉത്തരവ്. സന്ദർശകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഷോപ്പിങ് മാൾ ‍വീഴ്ചവരുത്തിയതായും കോടതി ചൂണ്ടിക്കാട്ടി.

ഗുരുതരമായി പരുക്കേറ്റ കുട്ടിക്കു നിരവധി  ശസ്ത്രക്രിയ നടത്തിയിരുന്നു.  ഇപ്പോഴും ചികിത്സ തുടരുകയാണ്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് രണ്ടാം നിലയിൽനിന്ന് കുട്ടി താഴേക്കു വീണതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

സുരക്ഷാ ഉദ്യോഗസ്ഥർക്കും  വീഴ്ച പറ്റി. കുട്ടിയുടെ തലയോട്ടി 30 ശതമാനം പൊട്ടിയതിനു പുറമേ മുഖം വികൃതമാകുകയും സംസാരശേഷി 40 ശതമാനം നഷ്ടപ്പെടുകയും കൈയ്ക്കു 50 ശതമാനം വൈകല്യം സംഭവിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി 1.3 കോടി ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നൽകിയ കേസിലാണ് വിധി.